ഭര്‍ത്താവിന്റെ മൃതദേഹത്തിനായുളള വീട്ടമ്മയുടെ കാത്തിരിപ്പ് നീളുന്നു
കുട്ടനാട് : സഊദിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹത്തിനായുള്ള വീട്ടമ്മയുടെ കാത്തിരിപ്പ് നീളുന്നു.
കാവാലം മന്നേലിച്ചിറയില്‍ ഓമനയുടെ മകള്‍ രേണുകയാണ് ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി മുളക്കുഴശേരില്‍ തങ്കപ്പന്‍ രാജേഷി (46)ന്റെ മൃതദേഹം ഒരുനോക്കു കാണാന്‍ കാത്തിരിക്കുന്നത്. റിയാദി അല്‍-ഹസായിലെ മൊഹ്‌സാന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന രാജേഷ്‌കുമാര്‍ കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് താമസസ്ഥലത്ത് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നായിരുന്നു ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന മാവേലിക്കര സ്വദേശിയാണ് ഇക്കാര്യം രേണുകയെയും, രാജേഷിന്റെ ഇളയ സഹോദരന്‍ മനോജിനെയും അറിയിക്കുന്നത്. തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിനായി സുഹൃത്തിനെ അധികാരപ്പെടുത്തിക്കൊണ്ടുള്ള പവര്‍ ഓഫ് അറ്റോര്‍ണിയും അയച്ചു കൊടുത്തു.
ആരംഭത്തില്‍ മൃതദേഹം വിട്ടുകിട്ടാന്‍ ഒരു മാസമെടുക്കുമെന്നാണ് സഊദിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നത്.
പിന്നീട് രണ്ടാഴ്ചയ്ക്കുള്ളില്‍ വിട്ടുകിട്ടിയേക്കുമെന്നും അറിയിപ്പു ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കെിലും കിട്ടാതെവന്നു. ദിവസേനയുള്ള പരിശ്രമത്തിനൊടുവില്‍ തിങ്കളാഴ്ച വീണ്ടും സുഹൃത്തിനെ ഫോണില്‍ കിട്ടിയപ്പോള്‍ ഇനിയും പത്തു ദിവസത്തോളം വൈകുമെന്ന അറിയിപ്പാണ് ലഭിച്ചത്. രാജേഷിന്റെ മൃതദേഹം ഇനിയും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമായിട്ടില്ലെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.
പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മാത്രമാണ് ആശുപത്രിയധികൃതര്‍ക്കുകൈമാറിയത്. മൃതദേഹം വിട്ടുകിട്ടുന്നതിനാവശ്യമായ 13 രേഖകളില്‍ മൂന്നു കടലാസുകള്‍ മാത്രമാണ് ഇതുവരെ തയാറായിട്ടുള്ളത്. വിവാഹശേഷം സ്വന്തമായി സ്ഥലമില്ലാതിരുന്ന രാജേഷും ഭാര്യയും പിന്നീട് മക്കളുമൊപ്പം രേണുകയുടെ വീടിനു സമീപത്തായി വാടകവീട്ടിലായിരുന്നു താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."