ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി: വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഒന്നാം സ്ഥാനത്ത്
മാനന്തവാടി: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായി കേരളത്തില്‍ നടപ്പിലാക്കിവരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ സെന്ററുകളില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തി. യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ സാങ്കേതിക പരിശീലനം നല്‍കി അവര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുന്ന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന അഥവാ ഡി.ഡി.യു.ജി.കെ.വൈ. കേരളത്തില്‍ 62 വികസന ഏജന്‍സികളാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, നടത്തിപ്പിലെ ഗുണമേന്മ, തൊഴില്‍ നല്‍കുന്നതില്‍ സജീവത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിലാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒന്നാം സ്ഥാനത്ത് എത്തിയത്. നിലവില്‍ ഫുഡ് പ്രോസസിംഗ്, ഫാഷന്‍ ഡിസൈനിംഗ്, സുവിങ് മെഷീന്‍ ഓപ്പറേറ്റര്‍, ബി.പി.ഒ എന്നീ സാങ്കേതിക പരിശീലങ്ങളാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടന്നുവരുന്നത്. സാങ്കേതിക പരിശീലനത്തിന് പുറമെ കമ്പ്യൂട്ടര്‍ പഠനം, ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന പ്രാവീണ്യം, സോഫ്റ്റ് സ്‌കില്‍സ് എന്നിവയും പഠിപ്പിക്കുന്നതാണ്. പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂനിഫോം, പഠന ഉപകരണങ്ങള്‍ തുടങ്ങിയവ സൗജന്യമായി നല്‍കുന്നതോടൊപ്പം ഒരു ദിവസം 125 രൂപ എന്ന നിരക്കില്‍ യാത്ര ചിലവും നല്‍കിവരുന്നു.
18 മുതല്‍ 35 വരെ പ്രായമുള്ള എസ്.എസ്.എല്‍.സി വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കു ഈ പരിശീലനങ്ങളില്‍ പങ്കെടുക്കാം. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് റെവ. ഫാ. പോള്‍ കൂട്ടാല, റെവ. ഫാ. ബിജോ കറുകപ്പള്ളില്‍, റെവ. ഫാ. ജിനോജ് പാലത്തടത്തില്‍, ജോസ് പി.എ, റോബിന്‍ ജോസഫ്, ചാക്കോ എന്‍.ജെ, തോമസ് പി.ഡി, ഫ്രാന്‍സിസ് പള്ളിക്കമാലില്‍, അനഘ, ഏയ്ഞ്ചല്‍, ഹരിപ്രിയ, കാല്‍വിന്‍, ബിജു കെ.ജെ, ജാന്‍സി, ടെസ്‌ന, ശ്രുതി, അഖില്‍, ജോമേഷ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."