സോഷ്യല്‍ മീഡിയയുടെ 'ന്യൂ ജെന്‍ രാഷ്ട്രീയം'
ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റാക്കിയതിലും നരേന്ദ്രമോദിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കിയതിലും സോഷ്യല്‍മീഡിയയുടെ പങ്ക് ചെറുതല്ല. വിവാദവ്യക്തിത്വമുള്ള ട്രംപിന്റെയും ഗുജറാത്ത് കലാപത്തിലൂടെ കുപ്രസിദ്ധനായ മോദിയുടെയും നെഗറ്റീവ് ഇമേജിനെ മറികടക്കാന്‍ മാത്രം ശക്തമായിരുന്നു സോഷ്യല്‍മീഡിയയുടെ സ്വാധീനം. ഇരുവരുടെയും തെരഞ്ഞെടുപ്പ് വിജയത്തിനായി സോഷ്യല്‍മീഡിയ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വരെ ഒളിഞ്ഞുനോക്കിയെന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഈ സ്വാധീനത്തിന് അടിവരയിടുന്നതാണ്.
പ്രാദേശികതലങ്ങളില്‍ പ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ചായിരുന്നു ഇക്കാലമത്രയും തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിന് തുടക്കമിട്ടിരുന്നത്. ആ ഒരു ശൈലിയെ തന്നെ മാറ്റി മറിച്ചുകൊണ്ടാണ് മോദിയും ട്രംപും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. ഐ.ടി പ്രൊഫഷനലുകളുടെ ഒരു സംഘമുണ്ടാക്കി തെരഞ്ഞെടുപ്പിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെയുള്ള ഒരുക്കം. വ്യക്തി കേന്ദ്രീകൃത പ്രചാരണങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നേതൃത്വം നല്‍കുന്നതായിരുന്നു ഇവരുടെ ദൗത്യം.
മോദിയും മോദിയുടെ ഐ.ടി സംഘവും വിജയിപ്പിച്ചെടുത്ത അതേ തന്ത്രം തന്നെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് പരീക്ഷിച്ചു. അതിലൂടെ ട്രംപ് പോലും പ്രതീക്ഷിക്കാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ് പദവി അദ്ദേഹത്തെ തേടിയെത്തി.
സോഷ്യല്‍ മീഡയയുടെ സ്വാധീനം കേരളത്തില്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാനും സഹായിച്ചിട്ടുണ്ട്. ബാര്‍ കോഴയും സോളാറും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷയുടെ കൊലപാതകവുമെല്ലാം ട്രോളുകളായും ആഷ് ടാഗുകളായുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ ഇടതുപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമായി. കൊല്ലപ്പെട്ട ജിഷയുടെ സ്വന്തം നാട്ടില്‍ സി.പി.എമ്മിന് അടിതെറ്റി എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ ആ സംഭവത്തിന്റെ പേരില്‍ മറ്റു പല മണ്ഡലങ്ങളും പിടിച്ചെടുക്കാന്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഇടതുപക്ഷത്തെ സഹായിച്ചു.
സോഷ്യല്‍ മീഡിയയുടെ ഈ സ്വാധീനം തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് പല ജനപ്രതിനിധികളും 'ഫേസ്ബുക്ക് ജീവി'കളായി മാറിയിരിക്കുന്നതും. ഇത്തരക്കാര്‍ക്കെല്ലാം ഭൂരിപക്ഷത്തില്‍ വലിയ വര്‍ധനവുണ്ടാക്കി മണ്ഡലങ്ങള്‍ നിലനിര്‍ത്താനും മികച്ച ഭൂരിപക്ഷത്തോടെ പല മണ്ഡലങ്ങളും പിടിച്ചെടുക്കാനും സാധിച്ചതും ഇവിടെ ചേര്‍ത്തുവായിക്കണം.
അധികാരമെന്ന നേട്ടം സാധ്യമായെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെല്ലാം അതിലേറെ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണിന്ന് സോഷ്യല്‍ മീഡിയ. കേരളത്തില്‍ സി.പി.എം പോലുള്ള കേഡര്‍ പ്രസ്ഥാനങ്ങളെ വരെ പ്രതിസന്ധിയിലാക്കുന്നു സോഷ്യല്‍ മീഡിയയുടെ 'ന്യൂ ജെന്‍ രാഷ്ട്രീയം'. ട്രോളുകളില്‍ പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്ക് അതിനേക്കാളേറെ ഇപ്പോള്‍ ഉറക്കം കെടുത്തുന്നത് സൈബര്‍ സഖാക്കളുടെ പക്വതയില്ലാത്ത സോഷ്യല്‍മീഡിയ പോസ്റ്റുകളാണ്.
മുമ്പ് പി.ബി തീരുമാനം പാര്‍ട്ടിപ്രവര്‍ത്തകന്‍ യാഥാര്‍ഥ്യമാക്കുകയായിരുന്നെങ്കില്‍ ഇന്ന് എഫ്.ബിയിലെ പ്രവര്‍ത്തകന്റെ പോസ്റ്റ് പാര്‍ട്ടി യാഥാര്‍ഥ്യമാക്കേണ്ട അവസ്ഥയാണ്. പോളിറ്റ് ബ്യൂറോയുടെ തീരുമാനം കേന്ദ്രം, സെക്രട്ടേറിയറ്റ് , സംസ്ഥാനം, ജില്ല, ഏരിയ, ലോക്കല്‍ കടമ്പകള്‍ കടന്ന് ബ്രാഞ്ചുകളിലെത്തിച്ച് പ്രവര്‍ത്തകരിലൂടെ നടപ്പാക്കുന്ന സി.പി.എം പോലുള്ള ഇടതുപാര്‍ട്ടികളുടെ പാരമ്പര്യ ശൈലി വരെ സോഷ്യല്‍ മീഡിയ തിരുത്തിയെഴുതുന്ന കാഴ്ചയാണിന്ന്.
പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത അനുഭാവിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വരെ മറുപടി പറയേണ്ട ഗതികേടിലാണിന്ന് പാര്‍ട്ടി നേതൃത്വം. പലപ്പോഴും പാര്‍ട്ടി അണികള്‍ കൊളുത്തിവിടുന്ന വിവാദ പോസ്റ്റുകള്‍ ഏറ്റെടുത്ത് അതിന്റെ പേരില്‍ സമര രംഗത്തേക്കിറങ്ങേണ്ട അവസ്ഥയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.
തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ എ.കെ.ജിയെ സംബന്ധിച്ച ഫേസ്ബുക്ക് പരാമര്‍ശം തന്നെ ഇതിനുദാഹരണം. എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട വ്യക്തിക്ക് അതേ ശൈലിയില്‍ നല്‍കിയ മറുപടിയാണ് പിന്നീട് വിവാദമായത്. ചുരുക്കം ചിലര്‍ മാത്രം കാണുമായിരുന്ന ആ ഒരു പരാമര്‍ശത്തെ ലോകം മുഴുവനെത്തിച്ചത് മറ്റൊരു പാര്‍ട്ടി അനുഭാവിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ബല്‍റാമിനെ അടിക്കാന്‍ കിട്ടിയ വടിയെന്ന നിലയില്‍ പാര്‍ട്ടി അതിനെ ചൂടോടെ ഏറ്റെടുത്തു.
എന്നാല്‍, അതിന്റെ പേരില്‍ തുടങ്ങിയ വഴിതടയല്‍, കരിങ്കൊടി സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍ പാര്‍ട്ടിനേതൃത്വം. ദേശീയപാത വികസനത്തിനായുള്ള നടപടിക്രമങ്ങളുടെ പേരിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ലൈവുകളും പാര്‍ട്ടിയെ വട്ടംകറക്കി. വയല്‍ കിളികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലൂടെ തത്സമയമെത്തിയ പാര്‍ട്ടി സഖാക്കളെ പുറത്താക്കിയ പാര്‍ട്ടിക്ക് ആ തീരുമാനം ദിവസങ്ങള്‍ക്കകം തന്നെ തിരുത്തേണ്ടിയും വന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് വീട്ടിലെത്തി പുറത്താക്കിയ സഖാക്കളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്ന കാഴ്ചക്കും സോഷ്യല്‍ മീഡിയയുടെ സ്വാധീനം വഴിയൊരുക്കി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വേങ്ങര എ.ആര്‍ നഗറിലെ സമരക്കാരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും തീവ്രവാദികളാക്കിയപ്പോള്‍ ഗ്രാമപഞ്ചായത്ത് അംഗവും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗവുമായ വ്യക്തി മിനിറ്റുകള്‍ക്കകമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഏറെ വൈറലായ ഈ പ്രതികരണവും സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
സി.പി.എമ്മിന് മാത്രമല്ല ഈ സോഷ്യല്‍ മീഡിയ ഷോക്ക് ഏല്‍ക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് മുസ്‌ലിംലീഗിന്റെയും യൂത്ത്‌ലീഗിന്റെയും പിന്തുണയില്ലെന്ന നേതൃത്വത്തിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ അതിനെ പരിഹസിച്ചുകൊണ്ട് ചില 'സൈബര്‍ സാഹിബ്' മാര്‍ രംഗത്തെത്തിയതും സോഷ്യല്‍ മീഡിയ നല്‍കുന്ന പാഠമാണ്. ഇത്തരത്തില്‍ പലപ്പോഴും 'സൈബര്‍ സാഹിബ്'മാരുടെ ഫേസ്ബുക്ക് പോസ്റ്റുകളും മുസ്‌ലിംലീഗ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ യുവനേതൃത്വത്തോടും അണികളോടും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പക്വത പാലിക്കണമെന്ന് മുസ്‌ലിംലീഗ് നേതൃത്വത്തിന് നിര്‍ദേശിക്കേണ്ടിയും വന്നു.
കോണ്‍ഗ്രസിലാകട്ടെ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി കണ്ണൂര്‍, കരുണമെഡിക്കല്‍ കോളജ് വിഷയത്തില്‍ നിലകൊണ്ടിട്ടും വി.ടി ബല്‍റാമിന് താക്കീത് പോലും നല്‍കാന്‍ കഴിയാതിരുന്നത് വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിലൂടെയാണ്. ഈ വിഷയത്തില്‍ മറ്റു കോണ്‍ഗ്രസ് യുവ എം.എല്‍.എമാരും ബല്‍റാമിനെതിരെ രംഗത്തു വന്നെങ്കിലും സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണത്തില്‍ ഇവര്‍ക്കും പിന്മാറേണ്ടി വന്നു.
രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ മാത്രമല്ല ഹര്‍ത്താലുകള്‍ വിജയിപ്പിക്കാനും സോഷ്യല്‍ മീഡിയക്ക് സാധ്യമാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിനങ്ങള്‍. ഏപ്രില്‍ 9ന് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലും ഏപ്രില്‍ 16ന് നടന്ന നാഥനില്ലാ ഹര്‍ത്താലും വന്‍ വിജയമായതും സോഷ്യല്‍ മീഡിയയുടെ ഈ ന്യൂ ജെന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ദലിത് ഹര്‍ത്താലിന് പല രാഷ്ട്രീയ കക്ഷികളേയും പിന്തുണക്കാന്‍ നിര്‍ബന്ധിതമാക്കിയത് സോഷ്യല്‍ മീഡിയയുടെ ഇടപെടലുകളാണ്. അതേസമയം ഒരു രാഷ്ട്രീയ കക്ഷിയുടേയും പിന്തുണ ഇല്ലാതെ തന്നെ 16ന് നടന്ന ഹര്‍ത്താല്‍ വിജയിപ്പിച്ചത് സോഷ്യല്‍ മീഡിയയുടെ നേരിട്ടുള്ള സ്വാധീനവും. ഈ മാറ്റവും സോഷ്യല്‍ മീഡിയയുടെ 'ന്യൂ ജെന്‍ രാഷ്ട്രീയം' രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന താക്കീതാണ്.
മുന്നില്‍നിന്ന് നയിക്കാന്‍ ഒരു നേതാവോ പ്രസ്ഥാനമോ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ ദിവസത്തെ ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചെങ്കില്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. കൈവിട്ട ആയുധം കണക്കെ സമൂഹത്തെ നിലയില്ലാ കയത്തിലേക്കാണ് സോഷ്യല്‍ മീഡിയ നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."