ഹര്‍ത്താല്‍ ഗൂഢാലോചന അന്വേഷിക്കണം: മുസ്‌ലിംലീഗ്
കോഴിക്കോട്: കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിന് ആരാണ് ആഹ്വാനം ചെയ്തതെന്നോ അതിന്റെ ആസൂത്രണം എവിടെ നിന്നാണെന്നോ സംബന്ധിച്ച് സൈബര്‍ വിഭാഗം അന്വേഷണം നടത്തണമെന്നും ഇതിന് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജമ്മുകശ്മിരില്‍ എട്ടുവയസുകാരി അതിനിഷ്ഠൂരമായി പീഡനത്തിന് വിധേയയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയിലെ നാനാജാതി മതസ്ഥരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സമാധാനപരമായ പ്രതിഷേധം പ്രകടിപ്പിച്ചുവരികയാണ്. കൊല ചെയ്യപ്പെട്ടത് മുസ്‌ലിം ബാലികയായിരുന്നുവെങ്കിലും സംഭവമറിഞ്ഞ് ഉപവാസം അനുഷ്ടിച്ച അമ്മമാരും സ്വന്തം കുഞ്ഞിന് കൊലചെയ്യപ്പെട്ട ബാലികയുടെ പേര്‍ നല്‍കിയ ഹിന്ദുകുടുംബവും സംസ്ഥാനത്ത് വിഷു ആഘോഷംപോലും വേണ്ടെന്ന്‌വച്ച സഹോദരങ്ങളും ഏറെയാണ്.
എന്നാല്‍ ഈ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിട്ട് ജാതിമത വിഷയമാക്കി മാറ്റാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ എന്ന് സംശയിക്കുന്നു. ഈ ഹര്‍ത്താലിന് മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും പിന്തുണയുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. ഹര്‍ത്താല്‍ ദിവസം രാവിലെ എട്ടോടുകൂടിയാണ് ഇതറിഞ്ഞ മുസ്‌ലിംലീഗ് ഹര്‍ത്താലിന് പിന്തുണയില്ലെന്നും അതുമായി സഹകരിക്കേണ്ടതില്ലെന്നും സമൂഹ്യ മാധ്യമങ്ങളിലൂടെയും ചാനലിലൂടെയും അറിയിച്ചത്. തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെ നിജസ്ഥിതി പൊതുജനത്തെ അറിയിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."