തൊഴിലുറപ്പ് പദ്ധതിക്ക് സമഗ്ര ലേബര്‍ ബജറ്റ് തയാറാക്കാന്‍ നിര്‍ദേശം
തൊടുപുഴ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ജില്ലയുടെ വികസനത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നതിന് പ്രായോഗിക പദ്ധതികളും സമഗ്രമായ ലേബര്‍ ബജറ്റും തയാറാക്കുന്നതിന് പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്ന് ജോയ്‌സ് ജോര്‍ജ് എം.പി നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകായിരുന്നു എം.പി.
ജില്ലയിലെ ഓരോ പഞ്ചായത്തിലെയും ഗ്രാമീണ മേഖലയില്‍ കാര്‍ഷിക ജലസംരക്ഷണ രംഗത്തും അടിസ്ഥാന വികസനത്തിനും മുന്‍ഗണന നല്‍കി ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് പ്രയോജനപ്പെടുത്താവുന്ന വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും ശ്രദ്ധിക്കണം.
അംഗീകാരം ലഭിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതും ഉറപ്പുവരുത്തണം. നിയമം അനുശാസിക്കുന്ന തൊഴില്‍ ദിനങ്ങള്‍ ഓരോ ഗുണഭോക്താവിനും ലഭ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കണം. പുരോഗതി വിലയിരുത്തുകയും ചെയ്യണം.
പദ്ധതിയില്‍ കൂടുതല്‍ വിഹിതം പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കുന്നതിന് സാധ്യത പദ്ധതികള്‍ മുന്‍കൂട്ടി ആവിഷ്‌കരിച്ച് തയാറാക്കുകയും ബജറ്റ് റിവിഷന്റെ ഭാഗമായി പുതിയ നിര്‍ദ്ദേശങ്ങള്‍ വരുന്ന മുറക്ക് പദ്ധതികള്‍ യഥാസമയം സമര്‍പ്പിക്കാനുമായാല്‍ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ജില്ലക്ക് കഴിയുമെന്ന് എം.പി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴില്‍ ലേബര്‍ ബജറ്റ് പ്രകാരം 36,76,500 തൊഴില്‍ ദിനങ്ങളാണ് അനുവദിക്കപ്പെട്ടതെങ്കിലും 47,17,143 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായി. 2017-18 ല്‍ 1,83,953 കുടുംബങ്ങള്‍ രജിസറ്റര്‍ ചെയ്തതില്‍ 1,82,516 തൊഴില്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ഇവരില്‍ 21,019 പട്ടികജാതി കുടുംബങ്ങളും 14,074 പട്ടികവര്‍ഗ കുടുംബങ്ങളുമാണ്. പൊതു വിഭാഗത്തില്‍ 1,47,423 തൊഴില്‍ കാര്‍ഡുകളാണ് നല്‍കപ്പെട്ടത്.
100 ദിനങ്ങള്‍ തൊഴില്‍ ലഭിച്ചവര്‍ 9103 പേരും 150 ദിവസം തൊഴില്‍ ലഭിച്ചവര്‍ 704 പേരുമാണ്. പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത മിഷന്‍, എസ്.എസ്.എ, കുടുംബശ്രീ, അക്ഷയ പദ്ധതികളും യോഗം അവലോകനം ചെയ്തു.
ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, ദാരിദ്ര ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് ജാ, ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ബിജോയി വര്‍ഗീസ്, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സാജു വര്‍ഗീസ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."