ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്മെന്റ്: നോട്ടീസ് വെങ്കയ്യ നായിഡു തള്ളി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു തള്ളി. പ്രത്യേകിച്ച് കാരണമില്ലാതെയാണ് നോട്ടീസെന്നു കാണിച്ചാണ് തള്ളിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ് ജസ്റ്റിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്
നോട്ടീസ് വെങ്കയ്യ നായിഡു തള്ളിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സുപ്രിംകോടതിയെ സമീപിക്കും. വലിയ നാടകീയ സംഭവങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. കേസ് ആരു പരിഗണിക്കുമെന്നതും വിഷയമാണ്.
ഇംപീച്ച്മെന്റ് നീക്കത്തിന്റെ തുടക്കം
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏഴു പ്രതിപക്ഷ കക്ഷികളില്‍ നിന്നായി 71 രാജ്യസഭാ എം.പിമാര്‍ ഒപ്പുവച്ച നോട്ടിസാണ് രാജ്യസഭയിലെ പ്രതിപക്ഷനോതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം രാജ്യസഭാ അധ്യക്ഷന്‍കൂടിയായ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് സമര്‍പ്പിച്ചത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തേണ്ടതില്ലെന്ന ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ വിവാദ ഉത്തരവ് പുറത്തുവന്നതോടെയാണ് ഇംപീച്ച്മെന്റ് നടപടികള്‍ വേഗത്തിലായത്.
ഉത്തര്‍പ്രദേശിലെ പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് മെഡിക്കല്‍ പ്രവേശന അഴിമതിയടക്കമുള്ള കേസുകളില്‍ ആരോപണവിധേയനായ ചീഫ് ജസ്റ്റിസിനെതിരേ നേരത്തെ തന്നെ ഇംപീച്ച്മെന്റ് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.
ജനുവരി 12ന് സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഇംപീച്ച്മെന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."