വിവാദങ്ങള്‍ക്ക് വിരാമം; അമ്പെയ്ത്ത് കേന്ദ്രത്തിലെ ഹോസ്റ്റല്‍ തുറന്നു
പുല്‍പ്പള്ളി: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിലനിന്ന വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ പുല്‍പ്പള്ളിയിലെ അമ്പെയ്ത്ത് കേന്ദ്രത്തോടനുബന്ധിച്ച് നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടം തിങ്കളാഴ്ച മുതല്‍ തുറ് പ്രവര്‍ത്തനം ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്കായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് നിരവധി പ്രശ്‌നങ്ങള്‍ക്കൊടുവില്‍ തുറന്നത്.
പുല്‍പ്പള്ളി പഞ്ചായത്ത് നൂറ്റിപതിനേഴില്‍ വിലകൊടുത്ത് വാങ്ങിയ എട്ട് ഏക്കര്‍ സ്ഥലം അമ്പെയ്ത്ത് കേന്ദ്രത്തിനായി വിട്ടുകൊടുത്തതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ലോക നിലവാരത്തിലുളള അമ്പെയ്ത്ത് പരിശീലനകേന്ദ്രം ആരംഭിക്കുമൊയിരുന്നു സ്ഥലം ഏറ്റെടുത്തുകൊണ്ട് അധികൃതര്‍ നല്‍കിയ ഉറപ്പ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. എന്നാല്‍ സ്ഥാപനം തുടങ്ങി ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണാധികാരികള്‍ സ്ഥലം തിരിച്ച് പിടിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതോടെയാണ് അമ്പെയ്ത്ത് കേന്ദ്രം വിവാദങ്ങളിലേക്കുയര്‍ന്നത്.
ആകെയുള്ള എട്ട് ഏക്കര്‍ സ്ഥലത്തില്‍ രണ്ട് ഏക്കര്‍ അമ്പെയ്ത്ത് കേന്ദ്രത്തിന് നല്‍കി ബാക്കി സ്ഥലം തിരിച്ചുപിടിച്ച് പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുതിനായിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി നീക്കം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 80-ഓളം കുട്ടികള്‍ പരിശീലനം നടത്തുന്ന കേന്ദ്രം അടച്ചുപൂട്ടുതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മന്ത്രി തലത്തില്‍ വരെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടിരുന്നെങ്കിലും പ്രശ്‌നം പരിഹാരമായിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 50-ലക്ഷം രൂപ മുടക്കി ഇവിടെ പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ചത്.
40-കുട്ടികള്‍ക്ക് താമസ സൗകര്യമുള്ളതായിരുന്നു കെട്ടിടം. എന്നാല്‍ പഞ്ചായത്തുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നത് പഞ്ചായത്ത് തടഞ്ഞു. കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ കെട്ടിടം അനാഥമായി കിടക്കുകയായിരുന്നു. ജൂണ്‍ രണ്ടാം തിയതി പുതിയ പഞ്ചായത്ത് ഭരണ സമിതി കെട്ടിട നമ്പര്‍ നല്‍കിയതോടെയാണ് പ്രതിസന്ധിമാറിയത്. ഇതോടെ ഇന്നലെ ഉദ്ഘാടനമോ മറ്റ് ആരവങ്ങളൊ ഇല്ലാതെ ഹോസ്റ്റല്‍ കെട്ടിടം തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
നാളിതുവരെ മാരപ്പന്‍മൂലയിലെ വാടക കെട്ടിടത്തിലായിരുന്നു ഹോസ്റ്റല്‍ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെങ്കിലും ഇവിടെ പരിശീലനം നടത്തിയ നിരവധി കുട്ടികള്‍ ദേശീയതലത്തില്‍പ്പോലും മികച്ച നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിന് ഉപയോഗിച്ച നിരവധി ഉപകരണങ്ങള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇവിടേക്ക് അനുവദിച്ചിരുന്നു. ഇതിനും പുറമെ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമൊരുക്കുന്നതിനായി മൂന്ന് പ്രീഫാബ് കെട്ടിടങ്ങളും അനുവദിച്ചിട്ടുണ്ട്.കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നതോടെ പുല്‍പ്പള്ളിയിലെ അമ്പെയ്ത്ത് പരിശീലന കേന്ദ്രം വന്‍ നേട്ടങ്ങള്‍ കൊയ്യുമെന്ന പ്രതീക്ഷ ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."