വിശക്കുന്ന വയറുകള്‍ക്കും ഇനി ആക്ട്‌സിന്റെ സാന്ത്വനം
തൃശൂര്‍: അപകടങ്ങളില്‍ രക്ഷാദൗത്യവുമായി കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ജില്ലയില്‍ പാഞ്ഞെത്തുന്ന ആക്ട്‌സ് ഇനി വിശക്കുന്ന വയറുകള്‍ക്കും സാന്ത്വനമാകാനൊരുങ്ങുന്നു. തൃശൂരിലെ പാവപ്പെട്ടവരുടെ വിശപ്പടക്കാന്‍ ആക്ട്‌സ് മുന്നിട്ടിറങ്ങുകയാണ്. സ്‌നേഹപ്പൊതിയെന്ന പേരില്‍ വിശപ്പടക്കാന്‍ ഉച്ചഭക്ഷണം നല്‍കുന്ന ബൃഹദ് പദ്ധതിക്കാണ് ആക്ട്‌സ് നാളെ തുടക്കമിടുന്നത്.
തൃശൂര്‍ നഗരത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ സ്‌നേഹത്തോടെ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഉച്ചഭക്ഷണപ്പൊതികള്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ സ്‌കൂളുകളില്‍ നിന്നും ശേഖരിച്ച് തൃശൂരിലെ പാവപ്പെട്ടവരുടെ വിശപ്പടക്കാന്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് സ്‌നേഹപ്പൊതി. തെരുവിന്റെ മക്കള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന സ്‌നേഹപ്പൊതികളുടെ വിതരണോദ്ഘാടനം നാളെ ഉച്ചക്ക് ഒന്നിന് തെരുവോരം എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ നിര്‍വഹിക്കും.
പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആക്ട്‌സിന്റെ ഓഫിസിലാണ് ഉദ്ഘാടന ചടങ്ങ്. തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ആക്ട്‌സ് ജനറല്‍ സെക്രട്ടറിയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഫാ.ഡേവിസ് ചിറമ്മല്‍ ആമുഖ പ്രഭാഷണം നടത്തും. സ്വരാജ് റൗണ്ടില്‍ പഴയ ജില്ലാ ആശുപത്രിക്കു മുന്‍പിലാണ് ഭക്ഷണവും കുടിവെളളവും വിതരണം ചെയ്യുന്നത്.
സ്‌നേഹപ്പൊതി പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളള സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ആക്ട്‌സിന്റെ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 2321500, 9037161099, 9349985290. സ്‌നേഹപ്പൊതി പദ്ധതിയുമായി പരമാവധി വിദ്യാര്‍ഥികള്‍ സഹകരിക്കണമെന്ന് ആക്ട്‌സ് ജില്ല സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
വിവാഹം ഉള്‍പ്പടെയുളള ആഘോഷങ്ങളിലെ വിരുന്നു സല്‍ക്കാരങ്ങളില്‍ ബാക്കിയാവുന്ന ഭക്ഷണവും ആക്ട്‌സ് പ്രവര്‍ത്തകര്‍ ശേഖരിച്ച് തെരുവിന്റെ മക്കള്‍ക്ക് ഒരു വര്‍ഷത്തിലധികമായി വിതരണം ചെയ്യുന്നുണ്ട്. വിശക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും, ദാഹിക്കുന്നവര്‍ക്ക് കുടിവെള്ളവും നേരത്തെ തന്നെ ആക്ട്‌സ് പ്രവര്‍ത്തകര്‍ വിതരണം തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."