മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാന്‍ ശ്രമം തുടങ്ങിയത് 2010ല്‍
കോഴിക്കോട്: പതിനഞ്ചുവര്‍ഷം മുന്‍പാണ് ഇപ്പോഴത്തെ മാനേജര്‍ മലാപ്പറമ്പ് എ.യു.പി സ്‌കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. സ്‌കൂള്‍ ലാഭകരമല്ലെന്ന് തോന്നിയ മാനേജര്‍ 2010 മുതല്‍ പൂട്ടാന്‍ ശ്രമം ആരംഭിച്ചു. വിദ്യാര്‍ഥികളുടെ കുറവ് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പൂട്ടാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
പിന്നെയും മാനേജര്‍ ശ്രമം തുടര്‍ന്നു. 2013 ജനുവരിയില്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ സ്‌കൂള്‍ പൂട്ടാന്‍ നവംബര്‍ ഒന്നിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ സ്‌കൂള്‍ നിലനിര്‍ത്താന്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി. 2014 ഏപ്രില്‍ 11ന് സ്‌കൂള്‍ കെട്ടിടം മാനേജരുടെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തതോടെ വിഷയം സംസ്ഥാന ശ്രദ്ധ നേടി. മാനേജര്‍ക്കെതിരേ കേസെടുക്കുകയും അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്തു. പ്രക്ഷോഭം ശക്തമായതോടെ സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് സര്‍ക്കാര്‍ മെയ് 21ന് റദ്ദാക്കി.
ഇതോടെ സ്‌കൂള്‍ പുനര്‍നിര്‍മിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്‌കൂള്‍ സംരക്ഷണ സമിതി തീരുമാനിക്കുകയും പെട്ടെന്നുതന്നെ പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. പുതിയ കെട്ടിടത്തില്‍ ജൂണ്‍ മൂന്നിന് അധ്യയനം ആരംഭിച്ചു. ഇതിനിടെ മാനേജര്‍ക്ക് അധികാരം തിരികെ ലഭിച്ചു.
സ്‌കൂള്‍ പൂട്ടാന്‍ നിയമയുദ്ധത്തിലായിരുന്നു പിന്നീടങ്ങോട്ട് മാനേജര്‍. സ്‌കൂള്‍ പൂട്ടാന്‍ മാര്‍ച്ച് 31ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ സ്‌കൂള്‍ പരിസരത്ത് നാട്ടുകാര്‍ സമരം ആരംഭിച്ചു.
പൂട്ടാനെത്തിയ എ.ഇ.ഒയെ സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. ഒടുവില്‍ ജൂണ്‍ എട്ടിനകം വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. ഇതാണ് ഇന്നലെ നടപ്പായത്. എന്നാല്‍ സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെ ശ്രമവും വിജയിച്ചു. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ എ പ്രദീപ് കുമാറിന്റെ ഇടപെടലുകളും സ്‌കൂള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് കാരണമായി.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായ പ്രൊഫ. സി രവീന്ദ്രനാഥിനെ കണ്ട് അദ്ദേഹം നിവേദനം നല്‍കുകയും പ്രശ്‌നത്തിന്റെ ഗൗരവം ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി സ്‌കൂള്‍ അടച്ചുപൂട്ടലിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
മാനേജറും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറും അടച്ചുപൂട്ടാന്‍ പണിപ്പെട്ടെങ്കിലും എന്ത് വന്നാലും പൂട്ടാന്‍ അവുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പോരാട്ടം നടത്തിയ നാട്ടുകാരുടെ വിജയം കൂടിയായി സര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."