സജ്ജന്‍കുമാര്‍ കോടതിയില്‍ കീഴടങ്ങി
ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍കുമാര്‍ ഡല്‍ഹി കര്‍ക്കര്‍ഡൂമ കോടതിയില്‍ കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സജ്ജന്‍കുമാര്‍ കീഴടങ്ങിയത്.
തന്നെ തിഹാര്‍ ജയിലിലേക്ക് അയക്കണമെന്ന സജ്ജന്‍കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡോളി ജയിലിലേക്കയക്കാനാണ് കോടതി ഉത്തരവിട്ടത്. തനിക്കു സുരക്ഷ വേണമെന്ന സജ്ജന്‍കുമാറിന്റെ ആവശ്യം അംഗീകരിച്ച കോടതി പ്രത്യേക വാഹനത്തിലാണ് ജയിലിലേക്കു മാറ്റിയത്. കേസില്‍ പത്തുവര്‍ഷം ശിക്ഷിക്കപ്പെട്ട മഹേന്ദര്‍ യാദവ്, മുന്‍ എം.എല്‍.എ കിഷന്‍ ഖോക്കര്‍ എന്നിവരും ഇന്നലെ കീഴടങ്ങി. മഹേന്ദര്‍ യാദവിന് ജയിലില്‍ വാക്കിങ് സ്റ്റിക്കും കണ്ണടയും ഉപയോഗിക്കാനും കോടതി അനുമതി നല്‍കി.
സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണകോടതി വിധി റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി സജ്ജന്‍കുമാറിനെ സാധാരണ ജീവിതത്തിന്റെ അന്ത്യം വരെ തടവുശിക്ഷ വിധിച്ചത്. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സിഖ് മതസ്ഥരായ സുരക്ഷാഭടന്മാര്‍ വധിച്ചതിനെ തുടര്‍ന്നായിരുന്നു കലാപം. നവംബര്‍ ഒന്നിന് ഡല്‍ഹി കന്റോണ്‍മെന്റിലെ രാജ് നഗറില്‍ ഒരു കുടുംബത്തിലെ 5 പേരെ അക്രമികള്‍ കൊലപ്പെടുത്തുകയും സിഖ് ആരാധനാലയമായ ഗുരുദ്വാര കത്തിക്കുകയും ചെയ്ത കേസിലാണ് നടപടി. ഡിസംബര്‍ 31ന് തന്നെ കീഴടങ്ങണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."