കടങ്ങോട് ക്വാറികളില്‍ പരിശോധന; ഏഴ് ലോറികള്‍ പൊലിസ് പിടികൂടി
എരുമപ്പെട്ടി: കടങ്ങോട് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളില്‍ എരുമപ്പെട്ടി പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കല്ല് കയറ്റിയിരുന്ന ലോറികള്‍ പിടികൂടി. കടങ്ങോട് മയിലാടുംകുന്നിലെ ക്വാറികളില്‍ നിന്ന് കല്ല് കയറ്റിയിരുന്ന ഏഴുലോറികളാണ് എസ്.ഐ.സുബിന്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എം.ഒ.എഫ് ലഭിക്കാത്തതിനാല്‍ കടങ്ങോട് മേഖലയിലെ കരിങ്കല്‍ ക്വാറികള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. അനുമതിയില്ലാത്തതിനാല്‍ രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ മയിലാടുംകുന്നിലെ ക്വാറികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. പൊലിസ് ഇടയ്ക്കിടെ പരിശോധന നടത്താറുണ്ടെങ്കിലും നിരീക്ഷണ സംഘങ്ങള്‍ വിവരം കൈമാറുന്നതിനാല്‍ വാഹനങ്ങള്‍ പിടികൂടാന്‍ കഴിയാറില്ല. ഇതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പൊലിസ് മിന്നല്‍ പരിശോധന നടത്തിയത്. എ.എസ്.ഐ, ജോബ്,സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സന്തോഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്കി. പിടികൂടിയ വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."