മരട് ഫ്‌ളാറ്റുകള്‍ പൊളിക്കല്‍ സ്‌ഫോടന സമയക്രമം മാറ്റിയേക്കും; അന്തിമതീരുമാനം ഇന്ന്
നിരാഹാര സമരം അവസാനിപ്പിച്ചു
സ്വന്തം ലേഖിക
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തിയേക്കും. ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മരട് നഗരസഭാ അധ്യക്ഷയും പരിസരവാസികളുടെ പ്രതിനിധികളും ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചത്. ജനവാസം കുറഞ്ഞമേഖലയിലെ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇന്നു കൂടുന്ന സാങ്കേതികസമിതി ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.
ജനവാസം കുറഞ്ഞ മേഖലയിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് അതിന്റെ പ്രത്യാഘാതങ്ങള്‍ പഠിച്ചതിനു ശേഷം മറ്റു ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നാണ് സമരസമിതി മന്ത്രിയോട് ആവശ്യപ്പെട്ടത്. സാങ്കേതിക സമിതി യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാന്‍ മന്ത്രി സബ്കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സമീപത്തെ എട്ടു വീടുകളില്‍ മാത്രമാണ് സ്ട്രക്ച്ചറല്‍ ഓഡിറ്റ് നടന്നിരിക്കുന്നത്. ബാക്കിയുള്ള വീടുകളിലും സ്ട്രക്ച്ചറല്‍ ഓഡിറ്റ് നടത്തണം. നിയന്ത്രിത സ്‌ഫോടനത്തിനു ശേഷം വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ വീട് വച്ചുനല്‍കണം. അല്ലെങ്കില്‍ മാര്‍ക്കറ്റ് വില നഷ്ടപരിഹാരമായി നല്‍കണമെന്നും പരിസരവാസികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ നല്‍കുമെന്നും അതില്‍ കൂടുതലായാല്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ടി.എച്ച് നദീറ പറഞ്ഞു. പരിസരവാസികളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സബ്കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അതേസമയം മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിക്കുന്നതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുമ്പറമ്പില്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ബിഷ പ്രതാപന്‍, സമരസമിതി ഭാരവാഹികളായ കെ.ആര്‍ ഷാജി, സി.വി പ്രകാശന്‍ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."