സി.പി.ഐക്ക് ചരിത്രം അറിയില്ല: മുഖ്യമന്ത്രി
കണ്ണൂര്‍: ഭൂപരിഷ്‌കരണ വിവാദത്തില്‍ സി.പി.ഐക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപരിഷ്‌കരണം സംബന്ധിച്ച് സി.പി.ഐക്ക് ചരിത്രം അറിയില്ലെന്ന് അവരുടെ പേരു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. കര്‍ഷക തൊഴിലാളി യൂനിയന്‍ ദേശീയ സമ്മേളനത്തിന്റെ സമാപന പൊതുമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചരിത്രം പറഞ്ഞപ്പോള്‍ ആളുകളുടെ പേരെടുത്തുപറയാത്തതു താന്‍ ഇരിക്കുന്ന പദവിയുടെ ഔചിത്യബോധം കൊണ്ടാണ്. അതു മനസിലാക്കാനുള്ള വിവേകം പ്രചരിപ്പിച്ചവര്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി ചടങ്ങില്‍ അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാതിരുന്നത് മനഃപൂര്‍വമാണെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം വിമര്‍ശിച്ചിരുന്നു. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാത്ത നിലപാട് ഇടതുരാഷ്ട്രീയത്തിനു ഭൂഷണമല്ല. അച്യുതമേനോന്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കിയതാണ് ഭൂപരിഷ്‌കരണ നിയമമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം ഒരു പരിപാടിയില്‍ സംസാരിച്ചപ്പോള്‍ താന്‍ എന്തോ മഹാ അപരാധം ചെയ്‌തെന്ന മട്ടില്‍ പ്രചാരണം നടന്നു. ഇതു ചരിത്രം നല്ലരീതിയില്‍ മനസിലാക്കാത്തതു കൊണ്ടാണ്.
ഇ.എം.എസ് സര്‍ക്കാരാണ് ഭൂപരിഷ്‌കരണ ബില്ലിന് അടിത്തറയിട്ടത്. പ്രാവര്‍ത്തികമായ ഭൂപരിഷ്‌കരണ നിയമത്തിന്റെ വാര്‍ഷികമാണ് ആഘോഷിക്കുന്നത്. ഭൂപരിഷ്‌കരണ നിയമത്തെ തകര്‍ക്കാന്‍ ശ്രമിച്ച 1967ന് മുന്‍പുള്ള സര്‍ക്കാരുകളെക്കുറിച്ച് താന്‍ പരാമര്‍ശിച്ചില്ല. അതും എന്റെ ഔചിത്യത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ അതിന്റെ വക്താക്കള്‍ ഭൂപരിഷ്‌കരണ നടപടികള്‍ക്കു നിങ്ങള്‍ നേതൃത്വം നല്‍കിയോ എന്നാണു ചോദിക്കുന്നത്.
പട്ടികജാതി വിഭാഗക്കാര്‍ക്ക് ആ കാലഘട്ടത്തില്‍ ഭൂമിയുണ്ടായിരുന്നില്ല. എന്നാല്‍, അതു വിതരണം ചെയ്യുന്നതിനു മുന്‍പേ കൈമാറ്റം ചെയ്യപ്പെട്ടു. അവരാണു ഈ നിയമം ഇല്ലാതാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഇ.പി ജയരാജന്‍, ബി. വെങ്കട്ട്, എസ്. തിരുനാവുക്കരശ്, എം.വി ഗോവിന്ദന്‍, സുനീത് ചോപ്ര, എം.വി ജയരാജന്‍, വി. ശിവദാസ്, എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."