ഹര്‍ത്താല്‍ ഏശാതെ തെക്കന്‍മേഖലകള്‍
ചെറുവത്തൂര്‍: ബി.ജെ.പിയുടെ പിന്തുണയോടെ ശബരിമല കര്‍മസമിതി സംഘടിപ്പിച്ച ഹര്‍ത്താല്‍ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ ഏശിയില്ല. ജില്ലാതിര്‍ത്തിയായ കാലിക്കടവില്‍ പതിവുപോലെ കടകളും ഹോട്ടലുകളെമെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. ഓട്ടോറിക്ഷകളും ഓടി. ചെറുവത്തൂരില്‍ ഭൂരിപക്ഷം കടകളും തുറന്നു. ഓട്ടോ ടാക്സി സര്‍വിസും മുടക്കമില്ലാതെ നടന്നു. മടക്കര തുറമുഖവും സജീവമായി. സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു.
രാജപുരം: മലയോരം ഹര്‍ത്താലിനോട് ഭാഗികമായി പ്രതികരിച്ചപ്പോള്‍ രണ്ട് പ്രധാന കേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ ഉണ്ടായില്ല. കോടോം ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം, കാലിച്ചാനടുക്കം പ്രദേശങ്ങളിലാണ് ഹര്‍ത്താല്‍ ഇല്ലാതിരുന്നത്. ഇരുപ്രദേശങ്ങളിലും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഓട്ടോ സ്റ്റാന്‍ഡുകളും സജീവമായി. കടകള്‍ തുറന്നെങ്കിലും കച്ചവടം കുറവായിരുന്നു. ഓട്ടോകള്‍ക്കും വരുമാനം കുറവായിരുന്നു. മലയോരത്ത് സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചു.
തൃക്കരിപ്പൂര്‍: ശബരിമലയിലെ യുവതീപ്രവേശത്തില്‍ പ്രതിഷേധിച്ചു സംഘ്പരിവാര്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പടന്നയില്‍ ഏശിയില്ല. രാവിലെ മുതല്‍തന്നെ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും സര്‍വിസ് ബസുകളൊഴിച്ചുള്ള മറ്റു വാഹനങ്ങള്‍ നിരത്തിലിറങ്ങി. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവ തുറന്നു പ്രവര്‍ത്തിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മതിയായ സംരക്ഷണം ഉറപ്പുനല്‍കാത്തതിനാല്‍ വ്യാപാരികള്‍ തൃക്കരിപ്പൂര്‍ ടൗണില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തയാറായിരുന്നില്ല. ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടഞ്ഞുകിടന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
തങ്കയം ജങ്ഷനിലെ പെട്രോള്‍ ബങ്കിനു സമീപത്തെ ദിനേശ് ബീഡി കമ്പനി തുറന്നു പ്രവര്‍ത്തിക്കാനുളള ശ്രമം ഹര്‍ത്താലനുകൂലികള്‍ വിഫലമാക്കി. രാവിലെ കമ്പനിയില്‍ തൊഴിലാളികളെത്തിയതറിഞ്ഞ് ഒരു സംഘം ഹര്‍ത്താല്‍ അനുകൂലികള്‍ കമ്പനി പരിസരത്തെത്തി ഗേറ്റ് മുതല്‍ റോഡിന് കുറുകെ കുത്തിയിരിക്കുകയും ചെയ്തു. ഹര്‍ത്താല്‍ അനുകൂലികള്‍ ബീഡികമ്പനി പൂട്ടിക്കാനെത്തിയ വിവരമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകരും പരിസരത്ത് തടിച്ചുകൂടിയതോടെ സംഘര്‍ഷത്തിനു സാധ്യതയേറി. എന്നാല്‍ ഇരു വിഭാഗത്തിന്റെയും നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷത്തിനുള്ള വഴിയില്ലാതാക്കി. കമ്പനി തുറക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടൊണ് ഹര്‍ത്താലനുകൂലികള്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."