ചെങ്ങന്നൂരില്‍ 200 കോടിയുടെ കുടിവെള്ള പദ്ധതിക്ക് അനുമതി
ചെങ്ങന്നൂര്‍: കടുത്ത വേനലില്‍ കുടിവെള്ളത്തിനായി ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കാത്തിരിപ്പിന് വിരാമമാകുന്നു. ചെങ്ങന്നൂര്‍ നഗരസഭയ്ക്കും, ആല, പുലിയൂര്‍, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്‍മണി, ചെറിയനാട് എന്നീ പഞ്ചായത്തുകള്‍ക്കും വേണ്ടിയുളള 200 കോടി ചിലവു വരുന്ന സമഗ്രകുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭായോഗം കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി പദ്ധതി നടപ്പാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് അംഗീകാരം നല്‍കി.
200 കോടി രൂപയാണ് പദ്ധതി ചെലവ്. സജി ചെറിയാന്‍ എം.എല്‍.എയുടെ അഭ്യര്‍ഥന പ്രകാരം ജലവിഭവ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പദ്ധതിക്ക് ഡി.പി.ആര്‍ തയ്യാറാക്കാന്‍ തീരുമാനമായത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ ഇതിന് 200 കോടി രൂപയാണ് വകയിരുത്തിയത്. പമ്പാനദിയില്‍ അങ്ങാടിക്കല്‍ കോലാ മുക്കത്തു നിലവിലുള്ള കിണറില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ ജലം ശേഖരിക്കുന്നത്. അങ്ങാടിക്കല്‍ മലയിലെ 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ എത്തിക്കും. തുടര്‍ന്ന് മുളക്കുഴ നികരും പുറത്ത് പ്രതിദിനം 35 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റും 14 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും.
മുളക്കുഴയിലെ രണ്ടാമത്തെ ടാങ്ക് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് കളരിത്തറയില്‍ 24 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 6.5 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കുവാന്‍ കഴിയുന്ന ഈ ടാങ്കില്‍ നിന്നും ആല, മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയും. ആല പെണ്ണുക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം നിര്‍മിക്കുന്ന ടാങ്കില്‍ 15 ലക്ഷം ലിറ്റര്‍ ജലം ഉള്‍ക്കൊള്ളും.
പാണ്ടനാട് പഞ്ചായത്തിനായി മിത്രമഛീ ജങ്ഷനു സമീപം എട്ട് ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കും. പുലിയൂരില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം നിര്‍മിക്കുന്ന 16 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാവുന്ന ടാങ്കില്‍ നിന്നും പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കും.
ചെറിയനാട്ട് പഞ്ചായത്തില്‍ തുരുത്തിമേലില്‍ 3.65 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിര്‍മിക്കും. 88.15 ലക്ഷം ലിറ്റര്‍ ആണ് വിവിധ ടാങ്കുകളുടെ സംഭരണ ശേഷി. ചെറിയനാട് പരിഭ്രമലയില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ നിന്നും നിലവില്‍ ജലവിതരണം നടത്തുന്ന സ്ഥലങ്ങള്‍ ഒഴിച്ചുള്ള വാര്‍ഡുകളില്‍ പുതിയ പദ്ധതിയില്‍ കുടിവെള്ളമെത്തും.
കൂടാതെ പരിഭ്രമല പദ്ധതിയുടെ സമീപം പുതിയ ടാങ്ക് നിര്‍മിച്ചു സംഭരണ ശേഷി കൂട്ടും. ഈ ടാങ്കിലേക്ക് തുരുത്തി മേലില്‍ നിന്ന് വെള്ളമെത്തിക്കും.
പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 795 കുതിരശക്തിയാണുള്ളത്. ചെങ്ങന്നൂര്‍ നഗരസഭ 190, മുളക്കുഴ 210, വെണ്മണി 175, ആല 90, പുലിയൂര്‍ 80, ബുധനൂര്‍ 100, പാണ്ടനാട് 65 എന്ന ക്രമത്തില്‍ ആകെ 910 കിലോമീറ്ററിലാണ് വിതരണ ശൃംഖലാ പൈപ്പുകള്‍ സ്ഥാപിക്കുക. അടുത്തിടെ കമ്മിഷന്‍ ചെയ്ത ചെന്നിത്തല കുടിവെള്ള പദ്ധതിയിലൂടെയാണ് മാന്നാര്‍ പഞ്ചായത്തിനു വെള്ളം ലഭിക്കുന്നത്. ഇതു കൂടാതെ മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകള്‍ക്കായി 200 കിലോമീറ്റര്‍ നീളത്തില്‍ വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നത് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും, തിരുവന്‍വണ്ടന്‍ പഞ്ചായത്തില്‍ കല്ലിശ്ശേരിയില്‍ പഞ്ചായത്ത് നല്‍കുന്ന സ്ഥലത്ത് ടാങ്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും സജി ചെറിയാന്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."