ഭക്ഷ്യസുരക്ഷാ; പദ്ധതിക്ക് മാര്‍ച്ചില്‍ തുടക്കമാകുമെന്ന് സര്‍ക്കാര്‍
കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകൊ നേരിട്ട് ഏറ്റെടുത്ത് റേഷന്‍ കടകളിലെത്തിക്കുന്ന പദ്ധതിക്ക് മാര്‍ച്ചില്‍ കൊല്ലത്ത് തുടക്കമാകുമെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സി നേരിട്ട് ധാന്യങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരേ കേരള ഹോള്‍സെയില്‍ റേഷന്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
ഏപ്രില്‍ മാസത്തോടെ മറ്റു ജില്ലകളില്‍ പദ്ധതി തുടങ്ങുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഏപ്രിലില്‍ പദ്ധതി തുടങ്ങണമെങ്കില്‍ ധാന്യങ്ങള്‍ മാര്‍ച്ച് മാസത്തോടെ ഗോഡൗണുകളില്‍ എത്തിക്കേണ്ടതുണ്ടെന്നും ഇതിനായി വാഹനങ്ങള്‍ ക്ഷണിച്ചുള്ള ടെന്‍ഡര്‍ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നും എറണാകുളം ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍. ഹരിപ്രസാദ് നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് ധാന്യങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സി നേരിട്ട് ഏറ്റെടുക്കണമെന്നും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കരുതെന്നും ഭക്ഷ്യസുരക്ഷാ നിയമത്തില്‍ പറയുന്നുണ്ട്. ഇതനുസരിച്ചാണ് 2016 ഒക്ടോബര്‍ മൂന്നിന് സപ്ലൈകൊയെ ഏജന്‍സിയായി നിയോഗിച്ചത്. ഇതിനായി ഗോഡൗണുകള്‍ സജ്ജീകരിച്ചു വരികയാണ്. കൂടാതെ ധാന്യങ്ങള്‍ എത്തിക്കാന്‍ വാഹനങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ഇതിനുള്ള ടെന്‍ഡര്‍ നടപടി അന്തിമമാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല വിധി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."