'നാലുവര്‍ഷം മുന്‍പ് അനുവദിച്ച ചികിത്സാ ധനസഹായം രണ്ട് മാസത്തിനകം നല്‍കണം'
കൊല്ലം: നാലുവര്‍ഷം മുന്‍പ് മുമ്പ് നടന്ന ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ നിരീക്ഷകനായി പങ്കെടുത്ത സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗത്തിന് മത്സര സ്ഥലത്തിന് സമീപമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ചെലവായ 16,000 രൂപ നല്‍കുന്ന കാര്യത്തില്‍ രണ്ട് മാസത്തിനകം നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു.
ചവറ പന്മന സ്വദേശി സി. മഞ്‌ജേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2015 ഡിസംബര്‍ 11, 12 തിയതികളില്‍ നടന്ന മത്സരത്തില്‍ നിരീക്ഷകനായി പങ്കെടുക്കുമ്പോഴാണ് വാഹനാപകടം ഉണ്ടായത്. ഇത് സംബന്ധിച്ച് കമ്മിഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ചികിത്സാ ചെലവ് നല്‍കാന്‍ 2015ല്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ചികിത്സാസഹായം അനുവദിക്കുന്ന നിയമാവലി നിലവിലില്ലാത്തതിനാല്‍ പ്രത്യേക കേസായി തുക അനുവദിക്കണമെന്ന വിഷയത്തില്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്‍ അലവന്‍സോ യാത്രാ ബത്തയോ വാങ്ങാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും ചികിത്സാ സഹായം നല്‍കാത്തത് നീതീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. നിലവിലില്ലാത്ത നിയമാവലിയുടെ പേരില്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായം നല്‍കാത്തത് ഉചിതമല്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
ചികിത്സാ സഹായം വൈകി നല്‍കുന്നതിനെക്കാള്‍ നല്ലത് സഹായം നല്‍കാതിരിക്കുന്നതാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ഒരു പ്രത്യേക കേസായി പരിഗണിച്ച് ചികിത്സാ സഹായം നല്‍കണമെന്ന കൗണ്‍സില്‍ ശുപാര്‍ശയില്‍ സര്‍ക്കാര്‍ രണ്ട് മാസത്തിനകം നടപടിയെടുക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കായികസെക്രട്ടറിക്കും സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്കുമാണ് ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."