വോട്ടര്‍ പട്ടിക: തുടര്‍നടപടികള്‍ വെല്ലുവിളിയാകും
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക തന്നെ അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമെങ്കില്‍ തുടര്‍നടപടികള്‍ വെല്ലുവിളിയാകുമെന്ന് വിലയിരുത്തല്‍.
കോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി പുതുക്കേണ്ടി വരും. ഒക്ടോബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത ജോലിഭാരമാകും ഈ നടപടി കമ്മിഷനു മുന്നില്‍ സൃഷ്ടിക്കുക.ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മണ്ഡലങ്ങളിലെ പോളിങ് ബൂത്ത് അടിസ്ഥാനമാക്കിയാണ് വോട്ടര്‍ പട്ടിക തയാറാക്കുന്നത്. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മണ്ഡലങ്ങളിലെ വാര്‍ഡുകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത് .
2019ല്‍ ബൂത്ത് അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലേക്കു മാറ്റി പുതുക്കിയെടുക്കുക എന്നതാണ് കമ്മിഷനു മുന്നിലുള്ള വെല്ലുവിളി.
ഇതിന് ഏറെ സമയവും പത്തു കോടിയോളം രൂപയും വേണ്ടിവരുമെന്ന് കോടതിയില്‍ കമ്മിഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ 25,000 അസംബ്ലി ബൂത്തുകളിലേക്ക് വീണ്ടും ഉദ്യോഗസ്ഥര്‍ പോകേണ്ടി വരും. വീടുവീടാന്തരം കയറി പട്ടിക പുതുക്കിയെടുക്കേണ്ടി വരും. പല വാര്‍ഡുകളുടെയും ഭാഗങ്ങള്‍ വിവിധ പോളിങ് ബൂത്തുകളിലായി ചിതറിക്കിടക്കുന്ന അവസ്ഥയുമുണ്ട്. പരിമിതമായ സമയത്തിനുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരും.
ഈ തലവേദന ഒഴിവാക്കാനാണ് 2015ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ തയാറാക്കിയ പട്ടിക പുതുക്കിയെടുക്കാന്‍ തീരുമാനിച്ചത്. അതിനായി പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു വരെ സമയം നല്‍കിയിരുന്നു.
ഈ മാസം 28ന് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കവെയാണ് കോടതി വിധിയെത്തിയത്.
അതേസമയം വിഷയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അകലം പാലിക്കുകയാണ്. സുപ്രിം കോടതിയെ സമീപിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും നിയമസഹായം തേടിയാല്‍ അതു നല്‍കാന്‍ തയാറാണെന്നുമായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."