വിവേചനം മറയ്ക്കാന്‍ ഏത് മതില്‍ പണിയും?
ഈ മാസം 24ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ അമേരിക്കയിലെ നാലു സെനറ്റര്‍മാര്‍ രംഗത്തുവന്നിരിക്കയാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട ഇന്ത്യയിലേക്ക് പോകരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലാകട്ടെ രാജ്യത്തിന്റെ വികൃതമുഖം ട്രംപില്‍ നിന്ന് മറച്ചുപിടിക്കാന്‍ അഹമ്മദാബാദില്‍ ചേരിപ്രദേശത്ത് മതില്‍ പണിതുകൊണ്ടിരിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം ട്രംപ് കടന്നുപോകുന്ന ചേരിപ്രദേശങ്ങളെ മതില്‍ കെട്ടി മറച്ചാല്‍ അദ്ദേഹത്തിന്റെ കാഴ്ചയില്‍ നിന്ന് മറച്ചുപിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇന്ത്യയുടെ നിറംകെട്ട മുഖം ലോകരാഷ്ട്രങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ എന്തുണ്ട് നരേന്ദ്രമോദിയുടെ കൈയില്‍? ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ അപമാനിതയാക്കിയ പൗരത്വ നിയമ ഭേദഗതിയെന്ന കറ മായ്ച്ചുകളയുകയല്ലാതെ അതിനു മറ്റു പോംവഴികളൊന്നുമില്ല.
ഈ വസ്തുത ചൂണ്ടിക്കാണിച്ചാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് യു.എസ് സെനറ്റിലെ നാലു മുതിര്‍ന്ന സെനറ്റര്‍മാര്‍ കത്തു നല്‍കിയിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ സെനറ്റര്‍മാര്‍ക്കൊപ്പം ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഈ കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ ഏറ്റവും അടുപ്പക്കാരനായ ലിന്‍ഡ്‌സെ ഗ്രഹാം ഈ സെനറ്റര്‍മാരിലുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.
പൗരാവകാശങ്ങളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയും ന്യൂനപക്ഷ വിവേചനത്തിലൂടെ ഇന്ത്യയുടെ സല്‍പ്പേര് നഷ്ടപ്പെടുത്തുകയും ചെയ്ത ഭരണകൂടവുമായുള്ള ബന്ധം ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് മൈക്ക് പോംപിയോയ്ക്ക് സെനറ്റര്‍മാര്‍ നല്‍കിയ കത്തിലൂടെ മുന്നറിയിപ്പു നല്‍കുന്നു. പാകിസ്താന്‍ ഭീകരവാദികള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന സഹായവും ഭീകരരുടെ താവളങ്ങള്‍ ആ രാജ്യത്തെ സര്‍ക്കാര്‍ നശിപ്പിക്കാത്തതും അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. പാകിസ്താനുള്ള അമേരിക്കന്‍ ധനസഹായം വെട്ടിക്കുറയ്ക്കാനും ഇന്ത്യയ്ക്കു സാധിച്ചു. ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന അഭിപ്രായം അന്താരാഷ്ട്ര തലത്തില്‍ രൂപീകരിക്കാനും സാധിച്ചു. അങ്ങനെയുള്ള ഒരു രാഷ്ട്രമാണിപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലും രാഷ്ട്രങ്ങള്‍ക്കു മുന്നിലും ലജ്ജിച്ചു തലതാഴ്ത്തി നില്‍ക്കുന്നത്.
ട്രംപിന് ഈ സന്ദര്‍ശനം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഭാഗം കൂടിയാണ്. ഹൗഡി മോഡി എന്നു പേരിട്ട മോദിയുടെ ഈയിടെ കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ട്രംപ് പങ്കെടുത്ത് മോദിയെ വാനോളം പുകഴ്ത്തിയിരുന്നു. അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരുടെ പ്രീതി നേടിയെടുക്കാനായിരുന്നു ഈ അടവ്. മോദി തിരിച്ചും ട്രംപിനെ പുകഴ്ത്തുകയുണ്ടായി. അതിന്റെ തനിയാവര്‍ത്തനമായിരിക്കും ഇന്ത്യയിലും ഉണ്ടാവുക. കുറ്റവിചാരണയില്‍ നിന്ന് ട്രംപ് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മേല്‍ പതിഞ്ഞ കറ ഇപ്പോഴുമുണ്ട്.
ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു സെനറ്റില്‍ ഭൂരിപക്ഷമുള്ളതിനാലാണ് ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിപ്പോയത്. എന്നാല്‍ അമേരിക്കന്‍ ജനതയില്‍ ട്രംപിനെക്കുറിച്ചുള്ള അവിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതു മാറ്റിയെടുക്കാന്‍ കൂടിയാണ് ഹൗഡി മോഡിക്കു പകരം 'ഹൗഡി ട്രംപ്' എന്ന ഈ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായ ഇന്ത്യന്‍ വംശജരുടെ പിന്തുണ നേടിയെടുക്കാനും കൂടിയാവണം ട്രംപിന്റെ സന്ദര്‍ശനം
ജനാധിപത്യ കശാപ്പിലൂടെ പ്രതിച്ഛായ നഷ്ടപ്പെട്ട മോദി ഭരണകൂടവുമായുള്ള ചങ്ങാത്തം യു.എസിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിക്കുമെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ അവരുടെ വിദേശകാര്യ സെക്രട്ടറിക്കു കത്തെഴുതണമെങ്കില്‍ എത്രമാത്രം പരിതാപകരമാണ് ഇന്ത്യയുടെ അവസ്ഥ എന്നല്ലേ ഇതില്‍ നിന്ന് തെളിയുന്നത്. ആ നിലയ്ക്ക് ഇന്ത്യയെ ബാധിച്ച കൊറോണയാണ് ബി.ജെ.പി കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി.
രണ്ടാം പ്രാവശ്യവും കശ്മിര്‍ സന്ദര്‍ശിച്ച 25 അംഗ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ കശ്മിരിലെ സ്ഥിതിഗതികളില്‍ വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. കശ്മിര്‍ വലിയൊരു ജയിലായി മാറിയിരിക്കുന്നു എന്ന സി.പി.എം എം.എല്‍.എ യൂസുഫ് തരിഗാമിയുടെ പ്രസ്താവനയെ ശരിവയ്ക്കുന്നതായിരുന്നു യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുടെ പ്രതികരണം. ആറു മാസമായി കശ്മിര്‍ ജനതയുടെ പൗരാവകാശങ്ങളൊക്കെയും വിച്ഛേദിക്കപ്പെട്ടിട്ട്. പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് ആ ജനത. ആരൊക്കെ മരിക്കുന്നു എന്നതിനെക്കുറിച്ച് യാതൊരു നിശ്ചയവുമില്ല. ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ സുപ്രിം കോടതി പറഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. മുതിര്‍ന്ന രാഷ്ടീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങളെ വിചാരണ കൂടാതെ വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരെ പൊതുസുരക്ഷാ നിയമം ചാര്‍ത്തി തടങ്കലില്‍ വച്ചിരിക്കുന്നു. കശ്മിര്‍ താഴ്‌വരയിലെ ഏഴു ദശലക്ഷം ജനങ്ങള്‍ക്ക് ജനാധിപത്യാവകാശങ്ങളും ആരോഗ്യ, വിദ്യാഭ്യാസ അവകാശങ്ങളും നിഷേധിച്ചിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത് രാജ്യാന്തര വേദികളില്‍ യു.എസിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന സെനറ്റിലെ നാല് അംഗങ്ങളുടെ കത്ത് സത്യത്തില്‍ ഇന്ത്യയുടെ മുഖത്തേറ്റ കനത്ത പ്രഹരം തന്നെയാണ്. ഇതിന്റെ തിണര്‍പ്പ് മാഞ്ഞുപോകണമെങ്കില്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുകയല്ലാതെ വേറെ വഴികളൊന്നും മോദി സര്‍ക്കാരിന്റെ മുന്നിലില്ല.
പൗരത്വ നിയമ ഭേദഗതിയിലൂടെ മോദി ഭരണകൂടം ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പുനരാലോചിക്കണമെന്നാണ് സെനറ്റര്‍മാര്‍ കത്തിലൂടെ ആവശ്യപ്പെടുന്നത്. എന്നാല്‍ ട്രംപ് പിന്മാറുമെന്നു തോന്നുന്നില്ല. രാഷ്ടീയമായി പരസ്പരം സഹായിക്കുന്നവരാണ് ഇരുവരും എന്നതു തന്നെ കാരണം. ട്ര ംപിന്റ സന്ദര്‍ശനം പൗരത്വ നിയമ ഭേദഗതിക്കുള്ള യു.എസിന്റെ അംഗീകാരമായി ബി.ജെ.പി ഭരണകൂടം ഉയര്‍ത്തിക്കാണിച്ചുകൂടെന്നില്ല. ഇനി മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അത് ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."