HOME
DETAILS
MAL
കൈത്തണ്ടയിലെ പിതാവിന്റെ ഫോണ്‍ നമ്പര്‍ മനീഷിന് ജീവിതത്തിലേക്കുള്ള 'മടക്കയാത്ര '
backup
February 24 2020 | 03:02 AM
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കൈത്തണ്ടയില്‍ പച്ചകുത്തിയ പിതാവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ രാജസ്ഥാന് സ്വദേശി മനീഷിനു ജീവിതത്തിലേക്കുള്ള മടക്കയാത്രയാണ്. മനോനില തെറ്റിയ മനീഷ് വീടുവിട്ടിറങ്ങി ദിവസങ്ങള്‍ക്കകംതന്നെ പിതാവ് രാമേശ്വരലാല് ആചാര്യയുടെ നമ്പറിലേക്ക് ഒരു വിളിയെത്തും. ആ വിളിത്തുമ്പില് തന്റെ മകനുണ്ടെന്ന് അപ്പോള്‍ അദ്ദേഹം തിരിച്ചറിയും. പിന്നെ, ഏതു കോണിലായാലും അദ്ദേഹം മകനെ തേടിയിറങ്ങും. തിരികെ നാട്ടിലേക്ക് മടങ്ങും.
ഇക്കുറി കേരളത്തിന്റെ വടക്കെയറ്റമായ കണ്ണൂരില്‍ നിന്നാണ് രാമേശ്വരലാല് ആചാര്യയെ തേടി ആ വിളിയെത്തിയത്. മനോനില തെറ്റി അലഞ്ഞുതിരിഞ്ഞ് അവശനിലയില്‍ കണ്ണുരിലെ റോഡരികില്‍ കണ്ട രാജസ്ഥാന് സ്വദേശി മനീഷ് അങ്ങനെ ഒരിക്കല്‍കൂടി പിതാവിനരികിലെത്തി. കഴിഞ്ഞ 17നു രാത്രിയിലാണ് രാജസ്ഥാന് സ്വദേശിയായ മനീഷ്, അണ്ടത്തോട് ബദ്രിയ മസ്ജിദിനു സമീപം അവശനിലയില്‍ കണ്ടെത്തിയത്. ഐ.ആര്.പി.സി വളന്റിയറായ യു.പി ആഷിഖും എസ്.എം നൗഷാദും മനീഷിന് വെള്ളവും വസ്ത്രവും നല്കി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് മാനസികനില തകരാറിലാണെന്ന് മനസിലായത്. മനീഷിന്റെ ബന്ധുക്കളെ കണ്ടെത്താനാവില്ലെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് കൈത്തണ്ടയില്‍ ഒരു ഫോണ്‍ നമ്പര്‍ പച്ചകുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. അതില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് നമ്പര്‍ മനീഷിന്റെ അച്ഛന്റേതാണെന്ന് മനസിലയത്.
അസുഖത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായതാണെന്നും മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കൈവിട്ടുപോയാല്‍ കണ്ടെത്താനാണ് കൈത്തണ്ടയില്‍ ഫോണ്‍ നമ്പര്‍ പച്ചകുത്തിയതെന്നും അറിയിച്ചു. തുടര്‍ന്ന് പിതാവ് എത്തുന്നതുവരെ മേലെ ചൊവ്വയിലെ പ്രത്യാശ ഭവനില്‍ താമസിക്കാന്‍ കണ്ണൂര്‍ സിറ്റി എസ്.ഐ രതീഷ് സൗകര്യമൊരുക്കി. ഇന്നലെ രാവിലെ എത്തിയ പിതാവ് പ്രത്യാശ ഭവനില്‍നിന്ന് മനീഷുമായി നാട്ടിലേക്ക് മടങ്ങി. ഇതിനു മുന്‍പ് പല തവണ കാണാതായപ്പോള്‍ കണ്ടെത്തുവാന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നുവെന്നും അതിനു ശേഷമാണ് കൈത്തണ്ടയില്‍ മൊബൈല്‍ നമ്പര്‍ പച്ചകുത്തിയതെന്നും മനീഷിന്റെ പിതാവ് പറഞ്ഞു.
പ്രത്യാശ ഭവനില്‍ പൂര്‍ണ ആരോഗ്യവാനായി മകനെ കണ്ടപ്പോള്‍ മനീഷിന്റെ പിതാവ് രാമേശ്വരലാല് ആചാര്യയുടെ കണ്ണുകള്‍ നിറഞ്ഞു. മകനെ ചേര്‍ത്തുപിടിച്ച് നാട്ടുകാര്‍ക്ക് നന്ദി പറഞ്ഞ് അവര്‍ നാട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."