കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ അധികൃതരുടെ പിന്‍തിരിപ്പന്‍ പരിഷ്‌കാരം
തളിപ്പറമ്പ്: അശാസ്ത്രീയമായി തടയണ നിര്‍മിച്ചതോടെ തോട് വറ്റിവരണ്ടതായി ആക്ഷേപം. ഏര്യം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപമാണ് തോട്ടില്‍ 15 ലക്ഷത്തോളം രൂപ മുടക്കി പാര്‍ശ്വഭിത്തിയും തടയണയും നിര്‍മിച്ചത്.
കടുത്ത വരള്‍ച്ചയിലും നീരൊഴുക്കുണ്ടായിരുന്ന തോട്ടില്‍ തടയണ നിര്‍മിച്ചതോടെ സാധാരണയുണ്ടാകുന്ന വെള്ളവും ഇല്ലാതായെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
തോടരികിലെ കൈതയും ആറ്റുവഞ്ചിയടക്കമുള്ള ചെടികളും മരങ്ങളും മുറിച്ചുമാറ്റി ഭിത്തികള്‍ സിമന്റുപയോഗിച്ച് പോയിന്റ് ചെയ്യുകയും കോണ്‍ക്രീറ്റ് ഉപയോഗിച്ച് ടാറിങും പ്ലാസ്റ്ററിങ്ങും നടത്തിയതോടെ പ്രകൃതിദത്ത ഉറവകള്‍ അടഞ്ഞു പോയി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നീര്‍ത്തട പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തിയത്. ഹരിതകേരളം പദ്ധതിയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും സജീവമായി നടപ്പാക്കി വരുമ്പോഴാണ് അധികൃതരുടെ ഈ തലതിരിഞ്ഞ വികസനം.
പരമ്പരാഗത തോടുകളില്‍ തടയണകള്‍ നിര്‍മിക്കുമ്പോള്‍ അത് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."