ബജറ്റിലെ സ്ത്രീസൗഹൃദ പദ്ധതികള്‍ പ്രഖ്യാപനം മാത്രം: ഡോ. ഹരിപ്രിയ
കോഴിക്കോട്: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സ്ത്രീസൗഹൃദ പദ്ധതികള്‍ എവിടെപ്പോയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി അംഗം ഡോ. ഹരിപ്രിയ. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ ഉത്തരമേഖലാ വനിതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞതവണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇതൊരു ജെന്‍ഡര്‍ ബജറ്റാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ലോകത്ത് ആദ്യമായാണ് ജെന്‍ഡര്‍ ബജറ്റെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായില്ല. ഈ പദ്ധതികള്‍ക്കു വേണ്ടി നീക്കിവച്ച തുക എവിടെപ്പോയെന്ന് മന്ത്രി വ്യക്തമാക്കണം.
വനിതാ മതിലിന്റെ പേരില്‍ സ്ത്രീകളെ റോഡിലിറക്കാന്‍ 50 കോടിയാണു സര്‍ക്കാര്‍ ചെലവിട്ടത്. ഇത്തവണത്തെ ബജറ്റ് ഭാവനാത്മകമാണെന്നും എന്നാല്‍ ബജറ്റ് സാഹിത്യകൃതിയല്ലെന്ന് മന്ത്രി മനസിലാക്കണമെന്നും പ്രായോഗിക പദ്ധതികളാണ് നാടിനു വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനാ ചട്ടക്കൂടിനകത്ത് പ്രവര്‍ത്തിക്കുമ്പോഴും സ്ത്രീകള്‍ക്ക് നിരവധി പരിമിതികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സമ്മേളനത്തില്‍ കെ.എം.സി.എസ്.എ സംസ്ഥാന വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.എ തങ്കം അധ്യക്ഷയായി. ജനറല്‍ കണ്‍വീനര്‍ ടി. സുബൈദ, കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ്‌സണ്‍, പൊന്നാറത്ത് അംശുലാല്‍, കെ.ടി ബീന, സി. ഉമാദേവി, പി.കെ സുനിതാദേവി, വി.ടി പുഷ്പ, എം. ഗായത്രി, സി.കെ റസീന, എം. വസന്തന്‍, കെ.കെ സുരേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."