ജീവനെപ്പേടിയില്ലാത്തവര്‍ വന്നാല്‍ മതി; ബാണാസുര ടൂറിസം കേന്ദ്രത്തില്‍ സുരക്ഷയില്ലെന്ന് പരാതി
പടിഞ്ഞാറത്തറ: ബാണാസുര ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് ആവശ്യത്തിന് സുരക്ഷയില്ലെന്ന് പരാതി. വെള്ളത്തിലും കരയിലുമായി നിരവധി സാഹസിക ടൂറിസം വിനോദങ്ങളുള്ള കേന്ദ്രത്തില്‍ നിലവിലുള്ള ലൈഫ് ഗാര്‍ഡിനെ പോലും പുറം ജോലിക്കായി നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് അപകടങ്ങളാണ് കേന്ദ്രത്തിലുണ്ടായത്. ഒരുമാസം മുന്‍പ് കേന്ദ്രത്തില്‍ കയാക്കിങ് ബോട്ട് മറിഞ്ഞ് നാലുപേര്‍ വെള്ളത്തില്‍ വീണിരുന്നു. ഇവര്‍ നീന്തല്‍ അറിയാവുന്നതിനാലാണ് രക്ഷപ്പെട്ടത്. എന്നാല്‍ ഇവരുടെ കൈവശമുണ്ടായിരുന്ന നിരവധി രേഖകള്‍ നഷ്ടമായി. ശനിയാഴ്ച സ്പീഡ് ബോട്ടില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ബോട്ട് ജെട്ടിക്ക് തീപിടിച്ച് ബോട്ട് ഡ്രൈവര്‍ക്ക് പൊള്ളലേറ്റിരുന്നു. ബോട്ടില്‍ യാത്രക്കായി തയാറായി നിന്ന നാല് ചെന്നൈ സ്വദേശികള്‍ വെള്ളത്തിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ശരാശരി രണ്ടായിരത്തോളം സഞ്ചാരികളെത്തുന്ന ബാണാസുരയില്‍ ആവശ്യത്തിന് സുരക്ഷ ബന്ധപ്പെട്ടവര്‍ ഒരുക്കുന്നില്ലെന്ന പരാതി ശക്തമാണ്. സീസണ്‍ തുടങ്ങിയാല്‍ ദിവസവും മൂവായിരത്തോളം സന്ദര്‍ശകര്‍ കേന്ദ്രത്തിലെത്താറുണ്ട്. കയാക്കിങ്, സ്പീഡ് ബോട്ട്, വാട്ടര്‍ സൈക്കിള്‍, വാട്ടര്‍ സോര്‍ബ് തുടങ്ങിയ വെള്ളത്തിലൂടെയുള്ള വിനോദ വസ്തുക്കള്‍ കേന്ദ്രത്തിലുണ്ട്. ഇതിനു പുറമെ സിപ്പ്‌ലൈന്‍, കുതിര സവാരി തുടങ്ങിയ കരയിലെ സാഹസിക വിനോദങ്ങളും കേന്ദ്രത്തിലുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് അപകടമുണ്ടാകാതിരിക്കാനുള്ള യാതൊരു മുന്നൊരുക്കവും കേന്ദ്രത്തിലില്ല. പ്രാഥമിക ചികിത്സാ സൗകര്യം, ആംബുലന്‍സ്, വിശ്രമകേന്ദ്രം എന്നിവയും ഇവിടെ അന്യമാണ്. വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടുത്താനായി രണ്ടു ലൈഫ്ഗാര്‍ഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരെ മറ്റു ജോലികള്‍ക്കായി നിയോഗിക്കുകയാണ് പതിവ്. ജീവനെപ്പേടിയില്ലാത്തവര്‍ മാത്രം കേന്ദ്രത്തിലെത്തിയാല്‍ മതിയെന്ന നിലപാടാണ് അധികൃതര്‍ക്കെന്ന് ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."