ഗള്‍ഫ് ഐക്യം അനിവാര്യമെന്ന് മൈക്ക് പെംപിയോ
റിയാദ്: ഗള്‍ഫ് ഐക്യം അനിവാര്യമാണെന്നും ഉപരോധം അവസാനിപ്പിക്കണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പെംപിയോ. സഊദി സന്ദര്‍ശനം നടത്തുന്ന പെംപിയോ, റിയാദില്‍ സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
നിലവിലെ ഇറാന്‍ ആണവ കരാര്‍ അപര്യാപ്തമാണ്. ആണവകരാറില്‍ ഒപ്പുവെച്ചതിനുശേഷം ഇറാന്‍ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. സുരക്ഷാ കാര്യത്തില്‍ അമേരിക്കയുടെ ഇഷ്ട തോഴനാണ് സഊദി അറേബ്യ. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക സഊദിക്കൊപ്പം നിലകൊള്ളും. ലോകത്തെ ഏറ്റവും വലിയ തീവ്രവാദ സ്‌പോണ്‍സര്‍ രാജ്യമാണ് ഇറാന്‍. യമനിലെ വിമത വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സഹായം തന്നെ ഇറാന്റെ മേഖലയിലെ ഇടപെടലാണ് വിളിച്ചോതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
അന്താരാഷ്്ട്ര നിയമങ്ങള്‍ ലംഘിച്ചതിന് ഇറാനെതിരേ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആണവ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രിയോടെ സഊദിയിലെത്തിയ അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തി.
സഊദി പര്യടനത്തിന് ശേഷം ജോര്‍ദാന്‍, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."