5000 കോടിയുടെ പുനര്‍ജനി പാക്കേജ്; ഇടുക്കിക്ക് നേട്ടമാകും
തൊടുപുഴ: പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും തകര്‍ന്നടിഞ്ഞ ഇടുക്കിയെ കൈപിടിച്ചുയര്‍ത്താനും സംരക്ഷിക്കാനുമായി പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പുനര്‍ജനി പാക്കേജ് കാര്‍ഷിക ടൂറിസം മേഖലക്ക് പുതുജീവന്‍ നല്‍കും. അടിസ്ഥാന വികസനത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിനും വഴിവക്കും. 36 ഇന പദ്ധതികളാണ് ഇടുക്കിയുടെ വീണ്ടെടുപ്പിനായി നടപ്പിലാക്കുന്നത്.
കാര്‍ഷിക മേഖലക്ക് പ്രത്യേക പരിഗണന
കുടിയേറ്റ കര്‍ഷകരുടെ കണ്ണീരിനും വിയര്‍പ്പിനും അര്‍ഹിച്ച പരിഗണനയാണ് പാക്കേജില്‍ നല്‍കിയിരിക്കുന്നത്. പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും തകര്‍ന്ന കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താനും വില സ്ഥിരത ഉറപ്പാക്കാനുമുള്ള പദ്ധതികളാണ് ദീര്‍ഘവീക്ഷണത്തോടെ ജില്ലയില്‍ നടപ്പാക്കുന്നത്. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്ന സുഗന്ധവിളകളുടെ സംരക്ഷണത്തിനും വ്യാപനത്തിനും പ്രത്യേകം പദ്ധതികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. കുരുമുളകിനും ഏലത്തിനും കൊക്കോയ്ക്കും പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത് ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണകരമാകും.
ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ മേഖലകളിലെ പച്ചക്കറി മുഴുവനും സംഭരിക്കാനുള്ള പദ്ധതി കര്‍ഷകര്‍ക്ക് ഗുണകരമാകും. ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിങ് ഫണ്ട് നല്‍കാനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്. ആദിവാസി മേഖലകളില്‍ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കാനും പാക്കേജില്‍ തുക വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."