സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയ ക്യാംപിന് ഇന്ന് തുടക്കം
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രില്‍ 28, 29 തിയതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് ഇന്ന് മുതല്‍ എട്ട് കേന്ദ്രങ്ങളില്‍ നടക്കും.
ദാറുന്നജാത്ത് കരുവാരക്കുണ്ട്, ജാമിഅ നൂരിയ്യ പട്ടിക്കാട്, അന്‍വാറുല്‍ ഇസ്‌ലാം തിരൂര്‍ക്കാട്, കുണ്ടൂര്‍ മര്‍ക്കസ്, ചേളാരി സമസ്താലയം, ജാമിഅ ദാറുസ്സലാം നന്തി, ജാമിഅ യമാനിയ്യ കുറ്റിക്കാട്ടൂര്‍, മടവൂര്‍ സി.എം. മഖാം അശ്അരിയ്യ എന്നിവയാണ് കേന്ദ്രങ്ങള്‍.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 2,36,627 കുട്ടികളാണ് ഈവര്‍ഷം പൊതുപരീക്ഷയില്‍ പങ്കെടുത്തത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന മൂല്യനിര്‍ണയ ക്യാംപില്‍ 1,280 പരിശോധകരെ നിയമിച്ചിട്ടുണ്ട്. ഓരോ സെന്ററിലും ഒരു സൂപ്രണ്ട്, മൂന്നുവീതം സൂപര്‍വൈസര്‍മാര്‍, ഒരു ചെക്കിങ് ഇന്‍സ്‌പെക്ടര്‍, ഒരു കോഓര്‍ഡിനേറ്റര്‍, രണ്ട് വീതം ഓഫിസ് അസിസ്റ്റന്റുമാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.
ഓരോ കേന്ദ്രത്തിലും വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെമ്പര്‍ കണ്‍ട്രോളറായി ഉണ്ടാകും. ക്യാംപില്‍ പരിശോധകര്‍ക്കും ഓഫിഷ്യല്‍സിനും ഭക്ഷണവും താമസവും സൗജന്യമായി നല്‍കും. വിഷയാടിസ്ഥാനത്തിലുള്ള ഉത്തരപേപ്പറുകള്‍ പ്രത്യേക വാഹനങ്ങളിലായി ഇന്നലെ സെന്ററുകളില്‍ എത്തിച്ചു. ഈവര്‍ഷം മുതല്‍ റാങ്കിന് പകരം 97ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്ക് 'ടോപ് പ്ലസ്' പദവിയായിരിക്കും നല്‍കുക. ഉത്തരപേപ്പര്‍ പരിശോധനക്ക് നിയമിതരായവര്‍ രാവിലെ 8.30ന് മുന്‍പായി അതത് സെന്ററുകളില്‍ എത്തണമെന്ന് പരിക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."