' വിദ്യാഭ്യാസമാവണം പെണ്‍കുട്ടികളുടെ സമ്പത്ത്
കണ്ണൂര്‍: വനിതാദിനാഘോഷത്തിന്റെ ഭാഗമായി ഹോമിയോപ്പതി വകുപ്പ് സീതാലയം പദ്ധതിയുടെ ഭാഗമായി ബോധവത്കരണ സെമിനാറും വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങും നടത്തി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിറാജുദ്ദീന് ക്ലാസെടുത്തു. പെണ്‍കുട്ടികളുടെ ആത്യന്തിക ലക്ഷ്യം വിവാഹമായി മാറരുതെന്നെന്നും വിവാഹത്തിനേക്കാള്‍ പ്രാധാന്യം വിവാഹശേഷമുള്ള ജീവിതത്തിനാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമാവണം പെണ്‍കുട്ടികളുടെ സമ്പത്ത്. ആണ്‍കുട്ടികളെപ്പോലെ പഠിക്കാനും തൊഴില്നേടാനുമുള്ള അവസരം മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്കും ഒരുക്കണം. വിവാഹത്തിന് മുമ്പ് കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യം, സാമൂഹ്യസമത്വം എന്നിവ ഉറപ്പുവരുത്തുന്നതിന് ഹോമിയോപ്പതി വിഭാഗം നടപ്പാക്കുന്ന സൗജന്യ പദ്ധതിയാണ് സീതാലയം. ചികിത്സ, കൗണ്‍സിലിങ്, ബോധവത്കരണ ക്ലാസ്, നിയമസഹായം എന്നീ സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. ജില്ലാ ഹോമിയോ ആശുപത്രിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സമയം. കണ്ണൂര്‍ സയന്‍സ്പാര്‍ക്കില്‍ നടന്ന സെമിനാറും വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജി ശിവരാമകൃഷ്ണന് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി.ദിവ്യ, സ്ഥിരംസമിതി അധ്യക്ഷന്‍ ജയപാലന്, സീതാലയം മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.ഷീജ, ഡോ.ശ്രീകല, കണ്‍വീനര്‍ ഡോ.കെ.സി വത്സല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."