ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് പതിവാകുന്നു
ഒറ്റപ്പാലം: ജലവിതരണ പൈപ്പുകള്‍ പൊട്ടല്‍ പതിവായി. ജല അതോറിറ്റി നോക്കു കുത്തിയാവുന്നു. ഒറ്റപ്പാലം മണ്ണാര്‍ക്കാട് റോഡില്‍ അമ്പലപ്പാറ പഞ്ചായത്തിലേക്കുള്ള പൈപ്പുകളാണ് വ്യാപകമായി പൊട്ടിയിരിക്കുന്നത്.
പിലാത്തറ, മുരുക്കുംപറ്റ സെന്റര്‍, അമ്പലപ്പാറ എന്നിവിടങ്ങളില്‍ ദിവസങ്ങളായി ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാവുകയാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ നൂറോളം ഭാഗത്താണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. റോഡ് നവീകരണ സമയത്ത് മുരുക്കുംപറ്റ മുതല്‍ അമ്പലപ്പാറ വരെയുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ ജല അതോറിറ്റി പദ്ധതി തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ പ്രസ്തുത ഫയലിന് യാതൊരു ചലനവും പിന്നീടുണ്ടായില്ല.
റോഡ് നവീകരണ സമയത്തു പോലും പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ റോഡിന്റെ താഴെയാണ് നിലവിലെ പൈപ്പുകളില്‍ പകുതിയോളം. അതിനാല്‍ അറ്റകുറ്റ പ്രവൃത്തികള്‍ക്കായി റോഡുകള്‍ കീറി പൊട്ടിയ പൈപ്പുകള്‍ മാറ്റിയാല്‍ റോഡ് തകരുന്നതിന്റെ പഴി ജല അതോറിറ്റിക്കാണ്.
അറ്റകുറ്റ പ്രവൃത്തികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്കാണെങ്കില്‍ ലക്ഷങ്ങള്‍ കുടിശ്ശികയാണ് ജല അതോറിറ്റിക്കുള്ളത്.
മുപ്പതിലേറെ വര്‍ഷം പഴക്കമുള്ളവയാണ് നിലവിലെ പൈപ്പുകള്‍. കുടിവെള്ളം പാഴാവുന്നത് പതിവായതോടെ കാലപഴക്കമുള്ള ജലവിതരണ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കണമെന്ന വാദം നാട്ടുകാരില്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."