പുളിക്കല്‍ എ.എം.എം.എച്ച് സ്കൂളില്‍ പ്രതിരോധ വാക്സിന് നല്കി
കൊണ്ടോട്ടി: ഡിഫ്തീരിയ ബാധിച്ചു മരിച്ച പുളിക്കല്‍ എ.എം.എം. ഹൈസ്കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് അഫ്ഷാസ് പഠിച്ചിരുന്ന ക്ലാസിലെ 57 വിദ്യാര്‍ഥികള്‍ക്കും 25 അധ്യാപകര്‍ക്കും ഇന്നലെ ആരോഗ്യ വകുപ്പു പ്രതിരോധ വാക്സിന് നല്കി. ഡിഫ്തീരിയ, ടെറ്റ്നസ് രോഗങ്ങള്‍ക്കെതിരെയുള്ള ടി.ഡി വാക്സിനാണു നല്‍കിയത്. പുളിക്കല്‍ അന്തിയൂര്കുന്നില് പനിക്ലിനിക്കും ബോധവത്കരണ ക്ലാസും അനുബന്ധിച്ചു നടത്തി. പനി ക്ലിനിക്കില്‍ പങ്കെടുത്തവര്‍ക്കു പ്രത്യേക ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ല. ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.സി. സുരേഷ് ബാബു, ഡോ. അനിതമ്മ ചെറിയാന്, ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.
വിദ്യാര്‍ഥി മരിച്ച ദിവസം സ്കൂളിലെ ക്ലാസിലെ 45 കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പു പ്രൊഫിലാക്സിസ് ആന്റി ബയോട്ടിക് നല്‍കിയിരുന്നു. പനി ലക്ഷണമുള്ള രണ്ടു കുട്ടികളെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥിക്കു കഴിഞ്ഞ 10 മുതല്‍ പനിപിടിപെട്ടതായി ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. കുട്ടി തുടര്‍ന്നും ക്ലാസില്‍ എത്തിയതിനാല്‍ മറ്റു കുട്ടികള്‍ക്കു രോഗം പടരാതിരിക്കാനാണു സ്കൂളിലെ മുഴുവന്‍ കുട്ടികളേയും കുത്തിവെപ്പു വിധേയമാക്കാന്‍ തീരുമാനിച്ചത്. അടുത്തിടപെഴുകുന്നതു വഴി രോഗം പടരാന്‍ സാധ്യതയുളളതിനാലാണിത്.
അഞ്ചുമുതല്‍ 10 വരെ ക്ലാസുകളിലായി 2500 വിദ്യാര്‍ഥികളാണു സ്കൂളില്‍ പഠിക്കുന്നത്. സ്കൂളിലെ മുഴുവന്‍ രക്ഷിതാക്കളുടേയും യോഗം ഇന്നു വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യു.പി വിഭാഗത്തിലുള്ളവര്‍ക്കു രാവിലെ പത്തിനും ഹൈസ്കൂള്‍ വിഭാഗത്തിലെ രക്ഷിതാക്കള്‍ക്കു രാവിലെ 11 നുമാണു യോഗം. രക്ഷിതാക്കളെ ബോധവത്കരിച്ചു മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പടുക്കാനാണു തീരുമാനം. ചൊവ്വാഴ്ച ഇതിനായി സൗകര്യങ്ങളൊരുക്കും. രക്ഷിതാക്കളുടെ ബോധവത്കരണ ക്ലാസിനായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നു സ്കൂളിലെത്തും. മുഴുവന്‍ രക്ഷിതാക്കളും പങ്കെടുക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."