ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് എസ്.എസ്.എ ജില്ലയില്‍ തുടങ്ങിയത് 75 ഊരുവിദ്യാകേന്ദ്രങ്ങള്‍ പദ്ധതിയിലൂടെ 1140 കുട്ടികളെ സ്‌കൂളിലെത്തിക്കും
കല്‍പ്പറ്റ: വിദ്യാലയങ്ങളില്‍നിന്നു ആദിവാസി കുട്ടികള്‍ കൊഴിഞ്ഞുപോവുന്നതു തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) നടപ്പ് അധ്യയന വര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ലയില്‍ തുടങ്ങിയത് 75 ഊരു വിദ്യാകേന്ദ്രങ്ങള്‍. വിദ്യാലയങ്ങളില്‍ തുടര്‍ച്ചയായി ഹാജരാവാത്തതെന്നു കണ്ടെത്തിയ 1,140 ആദിവാസി കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനാണ് കോളനികളില്‍ ഊരുവിദ്യകേന്ദ്രങ്ങള്‍ ആരംഭിച്ചതെന്ന് എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പറഞ്ഞു. ഊരുവിദ്യാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൊഴിഞ്ഞുപോയ വിദ്യാര്‍ഥികള്‍ പഠനം തുടരുന്നതിന് സഹായകമായെന്ന് അദ്ദേഹം അവകാശപ്പെട്ടു. പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം വിവിധ പരിപാടികള്‍ എസ്.എസ്.എ നടപ്പാക്കിയതായി പ്രൊജക്ട് ഓഫിസര്‍ വിശദീകരിച്ചു. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ 2,441 അധ്യാപകര്‍ക്ക് അഞ്ചു ദിവസത്തെ അവധിക്കാല പരിശീലനവും രണ്ടു ദിവസത്തെ ക്ലസ്റ്റര്‍ പരിശീലനവും നല്‍കിയതാണ് ഇതിലൊന്ന്.
പ്രാവര്‍ത്തികമാക്കിയ മറ്റ് പ്രധാന പരിപാടികള്‍:
287 ഗവ, എയ്ഡഡ് സ്‌കൂളുകളിലെ 391 എല്‍.പി, യു.പി യൂനിറ്റുകളിലായി 22.55 ലക്ഷം രൂപ സ്‌കൂള്‍ ഗ്രാന്റും 174 ഗവ. വിദ്യാലയങ്ങളിലെ 236 എല്‍പി, യുപി യൂനിറ്റുകളിലായി 17.7 ലക്ഷം രൂപ മെയിന്റനന്‍സ് ഗ്രാന്റും നല്‍കി. 3,234 ക്ലാസ് ഡിവിഷനുകള്‍ക്ക് പഠനോപകരണങ്ങള്‍ തയാറാക്കുന്നതിന് 16.17 ലക്ഷം രൂപ ടീച്ചര്‍ ഗ്രാന്റായി അനുവദിച്ചു. ഗവ. സ്‌കൂളുകളിലെ 38,118 കുട്ടികള്‍ക്ക് രണ്ടു ജോഡി വീതം യൂനിഫോം നല്‍കുന്നതിന് 1.52 കോടി രൂപ നല്‍കി. 35 ഏകാധ്യാപക വിദ്യാലയങ്ങളിലെ 630 വിദ്യാര്‍ഥികള്‍ക്ക് രണ്ടു ജോഡി വീതം യൂനിഫോം 2.25 ലക്ഷം രൂപ ചെലവില്‍ തയ്ച്ചുനല്‍കി.
71,273 പഠിതാക്കള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് 1.32 കോടി രൂപ ചെലവഴിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് 20.3 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ നല്‍കി. 1,973 കുട്ടികള്‍ക്കായി വൈദ്യപരിശോധന ക്യാംപ് നടത്തി. ശയ്യാവലംബികളായ 102 വിദ്യാര്‍ഥികള്‍ക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കി. 24 റിസോഴ്‌സ് റൂമുകളിലും മൂന്ന് ഓട്ടിസം സെന്ററുകളിലുമായി 158 വിദ്യാര്‍ഥികള്‍ക്ക് ഫിസിയോ തെറാപ്പിയും പഠന പിന്തുണയും നല്‍കി.
കുട്ടികള്‍ക്കായി സ്‌കൂള്‍ തലത്തില്‍ തിയേറ്റര്‍ ക്യാംപ്, കൗമാര ആരോഗ്യ-വിദ്യാഭ്യാസ പരിപാടി, ട്രൈബല്‍ ഫെസ്റ്റ്, മൈലാഞ്ചി ഫെസ്റ്റ്, ശാസ്‌ത്രോല്‍സവം, ഗണിതോല്‍സവം എന്നിവ സംഘടിപ്പിച്ചു. ലേണിങ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമില്‍ മലയാളം, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, സംസ്‌കൃതം വിഷയങ്ങളില്‍ വായനാസാമഗ്രികള്‍ തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കി. 26 വിദ്യാലയങ്ങള്‍ക്ക് ജൈവവൈവിധ്യ പഠനോധ്യാനം ആരംഭിക്കുന്നതിന് 13 ലക്ഷം രൂപ അനുവദിച്ചു. പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിന് ആസൂത്രണം ചെയ്ത ഹലോ ഇംഗ്ലീഷ് പദ്ധതിയില്‍ 241 വിദ്യാലയങ്ങളിലെ 436 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.
ഇംഗ്ലീഷ് ഭാഷയില്‍ വിദ്യാര്‍ഥികള്‍ കൈവരിച്ച മികവ് പൊതുസമൂഹവുമായി പങ്കുവയ്ക്കുന്നതിന് ബ്ലൂംസ് എന്ന പേരില്‍ എല്ലാ പഞ്ചായത്തുകളിലും ഉത്സവം നടത്തി. അക്കാദമിക നിലവാരവും പഠനനേട്ടങ്ങളും പൊതുസമൂഹത്തിലെത്തിക്കുന്നതിനും സാമൂഹിക പിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി വിദ്യാലയങ്ങളില്‍ ബാലോല്‍സവം നടത്തുമെന്ന് പ്രൊജക്ട് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."