മന്ത്രിസഭാ വാര്‍ഷികം: ജില്ലയില്‍ വിപുലമായ പരിപാടികള്‍ക്ക് 16ന് തുടക്കമാകും
കൊച്ചി: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 16 മുതല്‍ 22 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. മെയ് 16 ന് വൈകിട്ട് അഞ്ചിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്ററെ ആദരിക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണ മികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേട്ടങ്ങളും വികസന ക്ഷേമപ്രവര്‍ത്തനങ്ങളും അവതരിപ്പിക്കും.
എക്‌സൈസ്, തൊഴില്‍, ഫിഷറീസ്, സാമൂഹ്യനീതി, പൊലിസ്, ട്രാഫിക്, ഫയര്‍ ആന്റ് റസ്‌ക്യു, ഐടി, ആരോഗ്യം, കുടുംബശ്രീ, ബാംബൂ മിഷന്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ്, സപ്ലൈ ഓഫിസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഹാന്‍ടെക്‌സ്, ന്യൂനപക്ഷ ക്ഷേമം, ചരക്ക് സേവന നികുതി, വനിത വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളുടെ 140 ഓളം സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്.
കുടുംബശ്രീ, തീരമൈത്രി, ജില്ല ജയില്‍ എന്നിവയുടെ ഫുഡ് കോര്‍ട്ടും മേളയിലുണ്ടാകും. സാമൂഹ്യനീതി വകുപ്പിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഉപകരണ വിതരണം, ഭിന്നലിംഗക്കാര്‍ക്ക് ഐഡി കാര്‍ഡ് വിതരണം എന്നിവയും മേളയുടെ ഭാഗമായി നടക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഈ ദിവസങ്ങളില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
ആദ്യ ദിവസമായ 16 ന് ഉച്ചയ്ക്ക് രണ്ടിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷയെക്കുറിച്ച് നടക്കുന്ന സെമിനാറോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക.
വൈകിട്ട് നാലിന് കുടുംബശ്രീ വനിതകളുടെയും ട്രൈബല്‍ കലാകാരന്മാരുടെയും മത്സര ശിങ്കാരി മേളം നടക്കും. വൈകിട്ട് ഏഴിന് സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരമര്‍പ്പിച്ച് അര്‍ജുന സംഗീതം സംഗീത പരിപാടി നടക്കും. വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അണിനിരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."