ഒടുവില്‍ ജനാധിപത്യത്തിന് വിജയം: ബി.ജെ.പിക്ക് വന്‍ തിരിച്ചടിയുടെ ദിവസം
ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വമായിരുന്നില്ല, ജനാധിപത്യത്തിനു തന്നെ കോട്ടം വരുത്തുന്ന നിരവധി പ്രവണതകള്‍.. ഭരണഘടനാ സ്ഥാപനങ്ങളെ അടക്കം ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളില്‍ കണ്ടത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുണ്ടെന്നറിയിച്ചിട്ടും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ല, വലിയ ഒറ്റകക്ഷിയെന്ന പേരില്‍ മാത്രം ബി.ജെ.പിയെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വലിയ കുതിരക്കച്ചവടത്തിലേക്കു ബി.ജെ.പിയെ വിടുന്നതായിരുന്നു ഗവര്‍ണറുടെ ഈ തീരുമാനം.
ഇതോടെ തങ്ങളുടെ എം.എല്‍.എമാരെ സംരക്ഷിക്കേണ്ട ചുമതല കോണ്‍ഗ്രസിനും ജെ.ഡി.എസിനുമായി. വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ ആവുന്ന കളിയെല്ലാം കളിച്ചു. എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലിസ് സുരക്ഷ പിന്‍വലിച്ചു, ജില്ലാ പൊലിസ് മേധാവിയെ മാറ്റി, ഇന്റലിജന്‍സ് മേധാവിയെ മാറ്റി, വിമാനത്താവള സുരക്ഷാ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥനെയും മാറ്റി.
പക്ഷെ, ഇനി സര്‍ക്കാര്‍ തലത്തിലുള്ള ഒരു ഇടപെടലും പാടില്ലെന്നാണ് സുപ്രിംകോടതി വിധിയോടെ തെളിഞ്ഞത്. യെദ്യൂരപ്പയ്ക്ക് നയപരമായ തീരുമാനമെടുക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നിയമിക്കാനുള്ള യെദ്യൂരപ്പയുടെ ശ്രമത്തിനും തിരിച്ചടിയുണ്ടായി. ഈ അംഗത്തെ ഇപ്പോള്‍ നിയമിക്കാനാവില്ലെന്നു കോടതി അറിയിച്ചു.ഒരു വോട്ടുകൂടി ഇങ്ങനെ നേടാമെന്നായിരുന്നു യെദ്യൂരപ്പയുടെ കണക്കുകൂട്ടല്‍.
വിശ്വാസവോട്ടെടുപ്പ് നാളെ തന്നെ നടത്തിക്കൂടേയെന്ന സുപ്രിംകോടതി ചോദ്യം വന്നതിനു പിന്നാലെ, നാളെ പറ്റില്ല കൂടുതല്‍ സമയം വേണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ബി.ജെ.പിക്കു വേണ്ടി ഹാജരായ മുകുള്‍ രോഹ്തഗി ഈ ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍ ഇത് കുതിരക്കച്ചവടത്തിലേക്കും ചാക്കിട്ടുപിടുത്തത്തിലേക്കും വഴിവയ്ക്കുമെന്നു കണ്ട കോടതി, കൂടുതല്‍ സമയം അനുവദിച്ചില്ല.
രഹസ്യവോട്ടെടുപ്പ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും സുപ്രിംകോടതി തള്ളി. അത് പ്രോടൈം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."