നക്‌സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് സര്‍ക്കാര്‍
നഷ്ടപരിഹാരം നല്‍കാനാവില്ല
കൊച്ചി: നക്‌സല്‍ നേതാവ് എ വര്‍ഗീസ് കൊലക്കേസിലും കവര്‍ച്ചക്കേസിലും പ്രതിയായ കൊടുംകുറ്റവാളിയായിരുന്നെന്നു സംസ്ഥാന സര്‍ക്കാര്‍. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
ഇത്തരക്കാരനായ വ്യക്തി കൊല്ലപ്പെട്ടതിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജി ഹൈക്കോടതി മധ്യവേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.
വയനാട് തിരുനെല്ലിയില്‍ 1970 ഫെബ്രുവരിയില്‍ ഉണ്ടായ കവര്‍ച്ചയിലും കൊലപാതകത്തിലും വര്‍ഗീസ് പ്രതിയായിരുന്നു. മാനന്തവാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇയാളെ പിടികൂടാന്‍ നിരവധി തിരച്ചിലുകള്‍ നടത്തിയെന്നും സി.ആര്‍.പി.എഫിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കിട്ടിയില്ലെന്നും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്‍.സന്തോഷ് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 2016 ജൂലൈ 22ന് മുന്‍ സര്‍ക്കാരിന്റെ കാലത്തു നിയോഗിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനയാണു സത്യവാങ്മൂലം നല്‍കിയത്.
പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടതായി അന്നത്തെ തലശേരി ഡിവൈ.എസ്.പി കെ.ലക്ഷ്മണ വ്യക്തമാക്കിയിരുന്നു. വര്‍ഗീസിനെ ലക്ഷ്മണയുടെ ഉത്തരവനുസരിച്ചു താനാണു വെടിവെച്ചു കൊന്നതെന്ന് പൊലിസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 1998ല്‍ വെളിപ്പെടുത്തിയതോടെ സംഭവം വീണ്ടും വിവാദമായി. തുടര്‍ന്ന് അന്വേഷണം നടത്തിയ സി.ബി.ഐ നല്‍കിയ കുറ്റപത്രമനുസരിച്ചു കേസില്‍ രണ്ടാം പ്രതിയായ ലക്ഷ്മണയെ കോടതി ശിക്ഷിച്ചു. ലക്ഷ്മണയുടെ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ വര്‍ഗീസിനെ പൊലിസ് വെടിവെച്ചു കൊന്നതാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ അന്തിമമാണെന്നു പറയാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കീഴ്‌ക്കോടതി ശിക്ഷ നല്‍കിയെന്നതു നഷ്ടപരിഹാരം ലഭിക്കാന്‍ കാരണമല്ല. ലഭ്യമായ വിവരമനുസരിച്ച് വര്‍ഗീസ് പൊലിസുമായുള്ള ഏറ്റുമുട്ടലിലാണു മരിച്ചത്. ഇയാള്‍ കൊലക്കേസിലും കവര്‍ച്ചാക്കേസിലും പ്രതിയായ കൊടും കുറ്റവാളിയാണെന്നതു നിഷേധിക്കാന്‍ സി.ബി.ഐയ്‌ക്കോ വിചാരണക്കോടതിക്കോ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നക്‌സല്‍ വര്‍ഗീസിനെ പൊലിസ് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഹോദരന്‍ എ. തോമസ് ഉള്‍പ്പെടെ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്.
പ്രതിഷേധവുമായി
നക്‌സല്‍ സംഘടനകള്‍
തൃശൂര്‍: വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേ വ്യാപകപ്രതിഷേധം. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം.എല്‍) ഗ്രൂപ്പുകളും വിവിധ ജനാധിപത്യ മനുഷ്യാവകാശ സംഘടനകളും യോജിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
വിവിധ ജനാധിപത്യ ശക്തികളുടെകൂടി പിന്തുണയോടെ നിയമപരവും രാഷ്ട്രീയവുമായ പ്രക്ഷോഭത്തിനാണ് സംഘടനകളുടെ നീക്കം. ഇന്നു നടക്കുന്ന സി.പി.ഐ(എം.എല്‍) സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.
വര്‍ഗീസിനെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലം തിരുത്തണമെന്നും ഇക്കാര്യത്തില്‍ സി.പി.എം. സംസ്ഥാനകമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും സി.പി.ഐ. (എം.എല്‍) റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."