സഖ്യരാജ്യങ്ങള്‍ക്കെതിരേയും തീരുവ ചുമത്തി അമേരിക്ക
വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരായ വ്യാപാരയുദ്ധം കെട്ടടങ്ങിയതിനു പിറകെ സഖ്യകകക്ഷികള്‍ക്കെതിരേ നീക്കവുമായി അമേരിക്ക. യൂറോപ്പിലെയും വടക്കന്‍ അമേരിക്കയിലെയും സഖ്യകക്ഷികളുടെ ഉരുക്ക്, അലൂമിനിയം ഉല്‍പന്നങ്ങള്‍ ക്ക് അമേരിക്ക തീരുവ ചുമത്തി. യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റൂസ് പാരിസില്‍ വച്ചാണു പ്രഖ്യാപനം നടത്തിയത്.
യൂറോപ്യന്‍ യൂനിയന്‍(ഇ.യു) രാജ്യങ്ങള്‍, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍നിന്നുള്ള അലൂമിനിയം, ഉരുക്ക് ഉല്‍പന്നങ്ങള്‍ക്കാണു തീരുവ ചുമത്തിയിരിക്കുന്നത്. ഉരുക്കിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവുമാണു പുതുക്കിയ തീരുവ. ഇത് അര്‍ധരാത്രിയോടെ നിലവില്‍ വന്നു.
തീരുമാനത്തിനെതിരേ സഖ്യകക്ഷികള്‍ കടുത്ത വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. കൃത്യമായ സ്വയം സംരക്ഷണ സ്വഭാവമാണ് പുതിയ തീരുവകളിലൂടെ അമേരിക്ക കാണിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ വ്യക്തമാക്കി. യു.എസ് തീരുമാനം നിരാശാജനകമാണെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇ.യുവും മെക്‌സിക്കോയും അറിയിച്ചിട്ടുണ്ട്.
തീരുമാനം അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ലൗഡ് ജങ്കര്‍ പറഞ്ഞു. ലോകവ്യാപാര രംഗത്തിനു മോശപ്പെട്ട ദിവസമാണ് ഇതെന്ന് ഇ.യു വ്യാപാര കമ്മിഷണര്‍ സെസില മാംസ്റ്റോം പ്രതികരിച്ചു. ലോക വ്യാപാര സംഘടനയെ സമീപിച്ച് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു തീരുവ ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും അവര്‍ അറിയിച്ചു. വിദേശ ഉല്‍പന്നങ്ങള്‍ക്കു തീരുവ ചുമത്തുന്ന കാര്യം മാര്‍ച്ചില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ദേശീയ സുരക്ഷയായിരുന്നു ഇതിനു കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. പ്രഖ്യാപനത്തെ തുടര്‍ന്ന് ദ.കൊറിയ, അര്‍ജന്റീന, ആസ്‌ത്രേലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ലോഹ ഇറക്കുമതി നിയന്ത്രിച്ചിരുന്നു. അന്ന് ചര്‍ച്ചയിലൂടെ ഇ.യു രാജ്യങ്ങളെയും കാനഡ, മെക്‌സിക്കോ എന്നിവയെയും തീരുവയില്‍നിന്നു നീക്കിയിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണു പുതിയ തീരുമാനം യു.എസ് വൃത്തങ്ങള്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."