താലൂക്ക് ഇനിയും 'ശരിയായില്ല'
പയ്യന്നൂര്‍:നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷം പ്രധാന പ്രചരണായുധമാക്കിയ പയ്യന്നൂര്‍ താലൂക്ക് പുതിയ സര്‍ക്കാറിന് കീഴിലും ചോദ്യചിഹ്നമാകുന്നു. പുതിയ സര്‍ക്കാര്‍ പയ്യന്നൂര്‍ താലൂക്കിന്റെ കാര്യത്തില്‍ പെട്ടെന്ന് ഒരു തീരുമാനമെടുക്കില്ലെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഖജനാവിന് വലിയ ബാധ്യതയാകുന്ന പുതിയ താലൂക്ക് ഉടന്‍ അനുവദിക്കാന്‍ സാധ്യതയില്ല. പുതിയ സര്‍ക്കാറിന്റെ ആദ്യത്തെ ബജറ്റില്‍ താലൂക്കിന്റെ പ്രഖ്യാപനം ഉണ്ടാകുമോയെന്ന കാര്യത്തിലും ഇടതുനേതാക്കള്‍ക്കിടയില്‍ വ്യക്തതയില്ല. പയ്യന്നൂര്‍ മണ്ഡലത്തില്‍ സി കൃഷ്ണന്‍ എം.എല്‍.എയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനവും താലൂക്ക് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നതായിരുന്നു. അതുകൊണ്ടു തന്നെ പയ്യന്നൂര്‍ താലൂക്ക് ഉടന്‍ പ്രഖ്യാപിക്കേണ്ടത് സി.പി.എം നേതൃത്വത്തിന് പയ്യന്നൂരില്‍ അഭിമാന പ്രശ്‌നം കൂടിയാണ്. ഇന്ന് പയ്യന്നൂരിലെത്തുന്ന റവന്യുമന്ത്രി ഇ ചന്ദ്രശേഖരനെ പയ്യന്നൂര്‍ താലൂക്ക് നിലവില്‍ വരേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും നീക്കമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് കണ്ണൂരില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലാണ് പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഭരണാനുമതി നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ഒക്ടോബറില്‍ മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ അന്നത്തെ റവന്യുമന്ത്രി അടൂര്‍ പ്രകാശും പയ്യന്നൂര്‍ താലൂക്കിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ താലൂക്ക് ഓഫിസിനായി സ്ഥലം മാറ്റിവെക്കണമെന്നും താലൂക്ക് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നുമാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍ താലൂക്ക് യാഥാര്‍ഥ്യമായില്ലെന്ന് മാത്രമല്ല സിവില്‍ സ്റ്റേഷനില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഇതുവരെയും ആരംഭിച്ചിട്ടുമില്ല. സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പുതിയ ബജറ്റില്‍ വലിയ പയ്യന്നൂരിലെ എല്‍.ഡി.എഫ് നേതൃത്വത്തിന് വലിയ പ്രതീക്ഷയാണുള്ളത്. മറിച്ചായാല്‍ താലൂക്ക് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷിക്കുന്ന മണ്ഡലത്തിലെ ജനങ്ങളെ എന്തുപേരു പറഞ്ഞ് സമാധാനിപ്പിക്കുമെന്നതും ഇടതുനേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."