നിലമ്പൂര്‍ ഗവ. കോളജ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോളജ് സംരക്ഷണ സമിതിക്കു വേണ്ടി ജോസ്.കെ. അഗസ്റ്റിന്, എം. മുജീബ് റഹ്മാന് എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാലപര്യ ഹരജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് ഹൈക്കോടതിയെ അറിയിച്ചത്. നിലമ്പൂരിനൊപ്പം അനുവദിച്ച മൂന്ന് എയ്ഡഡ് കോളജുകള്‍ കോടതി ഉത്തരവ് വാങ്ങി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് സി.പി.ഐ മുന്‍കൈ എടുത്ത് രൂപവല്‍ക്കരിച്ച കോളജ് സംരക്ഷണ സമിതി സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം അറിയിക്കാന്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ രവീന്ദ്രന്, അനു ശിവരാമന് എന്നിവരടങ്ങിയ ബെഞ്ച് ഫെബ്രുവരി 28ന് ഉത്തരവിടകയും ചെയ്തു. അതിന്മേലാണ് നടപടി ക്രമങ്ങള്‍ പാലിച്ച് കോളജ് ഉടന്‍ തുടങ്ങുമെന്ന് ഹൈക്കോടതിക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.
2016 ഫെബ്രവരി ഒമ്പതിനാണ് ഗവ.മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്ന് അനുവദിച്ച അഞ്ച് ഏക്കറില്‍ നിലമ്പൂര്‍ ഗവ.കോളജ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൊണ്ടോട്ടി ഗവ. കോളജിലെ സമീറയെ സ്പെഷ്യല്‍ ഓഫിസറേയും നിയമിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് വന്നതോടെ മുന്‍സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്നതിന് മന്ത്രി സഭ സബ്കമ്മിറ്റിയുടെ പേരില്‍ കോളജ് തുടങ്ങുന്നത് നീട്ടികൊണ്ടുപോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംങ്, ജസ്റ്റിസ് ആന്റണി ഡൊമിനിക് എന്നിവരടങ്ങിയ ബെഞ്ചാണ് കോളജ് സംരക്ഷണ സമിതി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കിയത്.
അതേസമയം നിലമ്പൂരിന് അനുവദിച്ച കോളജ് പൂക്കോട്ടുംപാടത്തേക്ക് മാറ്റാന്‍ സി.പി.എമ്മും എം.എല്‍.എയും ശ്രമം നടത്തിയതായും അക്ഷേപമുയര്‍ന്നിരുന്നു. യു.ഡി.എഫും, സി.പി.ഐയും നിലമ്പൂരില്‍ തന്നെ വേണമെന്നും വാദിച്ചു. സര്‍വകക്ഷി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരെയും നേരില്‍ കണ്ട് നിലമ്പൂരില്‍ തന്നെ കോളജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയ ഉത്തരവ് വന്നതോടെ മാനവേദന് സ്കൂളില്‍ തന്നെയാവും കോളജ് പ്രവര്‍ത്തനം തുടങ്ങുക എന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."