വ്യോമസേനയ്ക്കൊപ്പം ഇനി തേജസും
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരംകുറഞ്ഞ പോര്‍വിമാനമായ തേജസ് ഇനി വ്യോമസേനയുടെ ഭാഗം. ഇന്നലെ രാവിലെ ബംഗളൂരുവിലെ വ്യോമസേനാ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വിമാനം ഔദ്യോഗികമായി സേനയ്ക്കു സമര്‍പ്പിച്ചു. തേജസിന്റെ ആദ്യ സ്ക്വാഡ്രണിലെ രണ്ടു വിമാനങ്ങളാണ് കൈമാറിയത്.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്.എ.എല്‍) ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ നിര്‍മിച്ചത്. എയര്‍ മാര്‍ഷല്‍ ജസ്ബീര്‍ വാലിയ അടക്കമുള്ള വ്യോമസേനാ ഉദ്യോഗസ്ഥരും എച്ച്.എ.എല്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് വിമാനം കൈമാറിയത്. ആദ്യ രണ്ടുവര്‍ഷം ബംഗളൂരുവിലും പിന്നീട് കോയമ്പത്തൂരിലെ സുളൂരിലുമായിരിക്കും വിമാനങ്ങള്‍ ഉണ്ടാകുക.
30 വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് വിമാനം സേനയ്ക്കു കൈമാറുന്നത്. ചടങ്ങുകള്‍ക്കു മുന്നോടിയായി സര്‍വമത പ്രാര്‍ഥന നടത്തിയിരുന്നു. നിലവില്‍ യുദ്ധരംഗത്ത് ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങളെ ഒഴിവാക്കി തേജസ് വിമാനങ്ങള്‍ കൊണ്ടുവരാനാണ് സേന ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."