റോഹിംഗ്യകളെ മുഴുവനായും പുനരധിവസിപ്പിക്കാന്‍ തയാറാണെന്ന് മ്യാന്‍മര്‍
സിംഗപ്പൂര്‍: ബംഗ്ലാദേശിലേക്ക് അഭയം തേടിയ 700,000 റോഹിംഗ്യകളെ രാജ്യത്തേക്ക് പുനരധവസിപ്പിക്കാന്‍ തയാറാണെന്ന് മ്യാന്‍മര്‍. സ്വമേധയാ രാജ്യത്തേക്ക് മടങ്ങുകയാണെങ്കില്‍ അവരെ സ്വീകരിക്കാനും പുനരധിവസിപ്പിക്കാനും തയാറാണെന്ന് മ്യാന്‍മര്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ തോങ് ടന്‍ പറഞ്ഞു. സിംഗപ്പൂരില്‍ നടക്കുന്ന ശാഗ്രി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാഖൈനിലേക്ക് റോഹിംഗ്യകള്‍ മടങ്ങുകയാണെങ്കില്‍ അവരെ സംരക്ഷിക്കാനും ജീവിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കാനും തയാറാണ്. നിങ്ങള്‍ 700,000 റോഹിംഗ്യകളെ അവരുടെ സ്വന്തം ഇഷ്ടപ്രകാരം രാജ്യത്തേക്ക മടക്കിയയക്കാന്‍ തയാറാവുകയാണെങ്കില്‍ സ്വീകരിക്കാന്‍ തായാറാണ്. ഇതിനെ വംശഹത്യയെന്ന് വിളിക്കാനാവുമോയെന്ന് അദ്ദേഹം ചോദിച്ചു.
ഇവിടെ കുറ്റകൃത്യങ്ങളോ യുദ്ധങ്ങളോ നടക്കുന്നില്ല. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടണം. അപൂര്‍ണമായ രീതിയിലും തെറ്റിദ്ധാരണയോടെയുമാണ് റാഖൈനിലെ സംഭവങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടത്. അവിടെ നടന്ന പ്രശ്‌നങ്ങളെ മ്യാന്‍മര്‍ നിഷേധിക്കുന്നില്ല.
മുസ്‌ലിംകള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ബുദ്ധന്മാര്‍ക്കും ഹിന്ദുക്കള്‍ക്കും നിരവധി പീഡനങ്ങള്‍ അനുഭിവക്കേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മ്യാന്‍മറിലെ റോഹിംഗ്യകള്‍ക്കെതിരേ സര്‍ക്കാര്‍ സൈന്യത്തിന്റെയും ബുദ്ധ സന്ന്യാസികളുടെയും നേതൃത്വത്തില്‍ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് 700,000 റോഹിംഗ്യകളാണ് ബംഗ്ലാദേശില്‍ അഭയം തേടിയത്. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ആക്രമണം നടത്തിയതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കണ്ടെത്തിയിരുന്നു.
റാഖൈന്‍ ഗ്രാമങ്ങള്‍ അഗ്നിനിക്കരായക്കുന്നതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കൂടാതെ യു.എന്നിന്റെ കീഴിലുള്ള അന്വേഷണ സംഘത്തെ റാഖൈനിലെ അക്രമം നടന്ന പ്രദേശങ്ങളിലേക്ക് സര്‍ക്കാര്‍ കടത്തിവിട്ടിരുന്നില്ല. മ്യന്‍മറില്‍ റോഹിംഗ്യകളെ വംശഹത്യ നടത്തുകയാണെന്ന് യു.എന്‍ കുറ്റപ്പെടുത്തിയിരുന്നു.
ബംഗ്ലാദേശ് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന റോഹിംഗ്യകളുടെ സ്വന്തം രാജ്യത്തേക്കുള്ള പുനരധിവാസം സംബന്ധിച്ച് മ്യാന്‍മാര്‍-യു.എന്‍ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. മ്യാന്മര്‍ സര്‍ക്കാരും യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ രണ്ട് പ്രതിനിധികളുമാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
സ്വമേധയാ മടങ്ങാനുള്ള സാഹചര്യത്തിലേക്ക് നിലവില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ ധാരണാപത്രമാണ് ആദ്യം വേണ്ടതെന്നും യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഹൈക്കമ്മിഷണര്‍ ഫിലിപ്പോ ഗാന്‍ഡി പറഞ്ഞു. നിലവിലെ സാഹചര്യങ്ങളില്‍ മാറ്റത്തിനായി മ്യാന്‍മര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നു. സുരക്ഷിതവും സ്വമേധയാലുമുള്ള റോഹിംഗ്യകളുടെ പുനരധിവാസത്തിന്റെ പ്രാഥമിക നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസത്തിനുള്ള ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മ്യാന്‍മര്‍ സര്‍ക്കാര്‍ വക്താവ് സോ ത്യാ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹം തയാറായില്ല. റോഹിംഗ്യകളുടെ പുനരധിവാസത്തിനായി മ്യാന്‍മറും ബംഗ്ലാദേശും ജനുവരിയില്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വമേധയാ മ്യാന്‍മറിലേക്ക് മടങ്ങുകയെന്നായിരുന്ന തീരുമാനം. എന്നാല്‍ കരാര്‍ നടപ്പിലാക്കാന്‍ ഇരു രാജ്യങ്ങളും ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."