സംസ്ഥാനങ്ങളിലൂടെ
ഛത്തീസ്ഗഡ്
ബിവറേജസ് അനധികൃത
വരുമാനമുണ്ടാക്കി:
സി.എ.ജി
റായ്പൂര്‍: വിദേശ മദ്യ വില്‍പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷന്‍ അനധികൃതമായി 112.87 കോടിയുടെ വരുമാനമുണ്ടാക്കിയതായി സി.എ.ജി റിപ്പോര്‍ട്ട്. 2015-16 വര്‍ഷം സംസ്ഥാനത്ത് വിദേശ മദ്യത്തിന് അധിക വിലയാണ് ഈടാക്കുന്നത്. 2014-15 വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്.
ബിവറേജസ് കോര്‍പ്പറേഷന്റ ചട്ടങ്ങള്‍ ലംഘിച്ചാണ് വരുമാനം ഉണ്ടാക്കിയിരിക്കുന്നതെന്ന് സംസ്ഥാന സി.എ.ജി ബിജോയ് കുമാര്‍ മൊഹന്തിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ വിതരക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം ക്രമക്കേടുണ്ടാവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണിപ്പൂര്‍
കനത്ത മഴ: ഇംഫാലില്‍
രണ്ടു മരണം
ഇംഫാല്‍: കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മണിപ്പൂരില്‍ രണ്ടു മരണം. 19 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് ഇംഫാലില്‍ ലഭിക്കുന്നത്. 97.6 മില്ലി മീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്ക്. നേരത്തെ 1998ല്‍ ലഭിച്ച 72.9 മില്ലി മീറ്ററാണ് റെക്കോര്‍ഡ്.
മഴക്കെടുതിയില്‍ മരണപ്പെട്ടതില്‍ നിലകണ്ഠ ദാസ് എന്നയാള്‍ മിന്നലേറ്റാണ് മരിച്ചത്. താമെങ്‌ലോങില്‍ കാര്‍ മലയിടുക്കിലേക്ക് വീണ് മറ്റൊരാളും മരിച്ചു. കനത്ത കൃഷി നാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അടുത്ത രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡല്‍ഹി
ഗോവ വിട്ടു തന്നതിന് നന്ദി; ദ്വിഗിജയ്
സിങിനെ പരിഹസിച്ച് പരീക്കര്‍
ന്യൂഡല്‍ഹി: രാജ്യസഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് ദ്വിഗിജയ് സിങിനെ പരിഹസിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവ വിട്ടു തന്നതിന് നന്ദി എന്നായിരുന്നു ദ്വിഗിജയ് സിങിനോടുള്ള പരീക്കറിന്റെ പ്രതികരണം.
പ്രതിരോധ മന്ത്രിയെന്ന നിലയില്‍ മികച്ച മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചെന്നും അതിന് പിന്തുണ നല്‍കിയവരോട് നന്ദിയുണ്ടെന്നും പരീക്കര്‍ പറഞ്ഞു. ദ്വിഗിജയ് സിങായിരുന്നു ഇപ്പോള്‍ ഗോവയില്‍ ഉണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രത്യേകിച്ചൊന്നും ചെയ്തില്ല. അതിനാല്‍ താന്‍ സര്‍ക്കാരുണ്ടാക്കിയെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. പരീക്കറിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധമറിയിച്ചു.
ഉത്തര്‍പ്രദേശ്
അപര്‍ണാ യാദവ് ആദിത്യനാഥിനെ
സന്ദര്‍ശിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് സന്ദര്‍ശിച്ചു.
ഇവരുടെ ഭര്‍ത്താവ് പ്രതീകും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനവേളയില്‍ തന്റെ കാലി വളര്‍ത്തു കേന്ദ്രം ഇവര്‍ക്കായി തുറന്നു കൊടുക്കാനും ആദിത്യനാഥ് മറന്നില്ല. 64 എക്കറോളം വരുന്ന കാലി വളര്‍ത്തു കേന്ദ്രമാണ് ആദിത്യനാഥിന്റേത്. സന്ദര്‍ശനം സൗഹൃദപരമായിരുന്നെന്നും രാഷ്ട്രീയം സംസാരിച്ചില്ലെന്നും അപര്‍ണ പറഞ്ഞു.
തമിഴ്‌നാട്
തമിഴിനെ അവഗണിച്ചാല്‍
ഹിന്ദി വിരുദ്ധ സമരം നടത്തുമെന്ന് സ്റ്റാലിന്‍
ചെന്നൈ: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തമിഴിനെ അവഗണിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. ദേശീയ പാതയിലെ നാഴികകല്ലുകളിലെ ഇംഗ്ലീഷ് മാറ്റി ഹിന്ദി ആക്കിയിരിക്കുകയാണ്.
എന്തുകൊണ്ട് ഇത് തമിഴ് ആക്കുന്നില്ലെന്ന് സ്റ്റാലിന്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന് ഹിന്ദിയോടാണ് താല്‍പര്യം. ഇത്തരം നടപടി തുടര്‍ന്നാല്‍ ഹിന്ദി വിരുദ്ധ സമരം നടത്തുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."