വാട്‌സ്ആപ്പ് ഹര്‍ത്താല്‍: 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 1,595 പേര്‍ അറസ്റ്റിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് വാട്‌സ്ആപ്പ് വഴി ഹര്‍ത്താല്‍ നടത്തിയതിനെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താല്‍ ആഹ്വാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോ, അനുഭാവികളോ ആണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹംപറഞ്ഞു. വര്‍ഗീയ വിഭജനം ലക്ഷ്യമാക്കി വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരേ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് 385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
1,595 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും അറസ്റ്റുകളും നടന്നുവരികയാണ്. മഞ്ചേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതു മുതല്‍ 14 വരെയുള്ള പ്രതികള്‍ ഹര്‍ത്താലിന്റെ സൂത്രധാരന്‍മാരായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് സംഘ്പരിവാറുകാരാണ്. അവരുടെ നീക്കം നാടിനെ ഗുരുതരമായ അവസ്ഥയിലേക്ക് തള്ളിവിടലായിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ആഹ്വാനം ചെയ്യാത്ത ഹര്‍ത്താലില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുംപെട്ട അനുഭാവികള്‍ പങ്കെടുത്തത് ഗൗരവത്തോടെ കാണണം.
വ്യാജ അക്കൗണ്ട് വഴി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് ചില പരിമിതികളുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിന് അതിവിപുലമായ സന്നാഹമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരേ പോസ്റ്റിട്ടതിന് എത്ര പേര്‍ക്കെതിരേ കേസെടുത്തെന്ന പി.ടി തോമസ് എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാന്‍ തയാറായില്ല. ഇത് രണ്ടും രണ്ട് സംഭവമാണെന്നും രണ്ട് ചോദ്യങ്ങളായി ചോദിച്ചാല്‍ മാത്രമേ മറുപടി പറയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."