എസ്.ബി.ടി.യെ ഇല്ലാതാക്കിയ മോദിക്ക് മാപ്പില്ല: എ.ഐ.ബി.ഇ.എ
തൊടുപുഴ: കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കായ എസ്.ബി.ടിയെ ഇല്ലാതാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള ജനത മാപ്പു നല്‍കില്ലെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
എസ്.ബി.ടിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ പുല്ലുപോലെ തള്ളി ജനാധിപത്യധ്വംസനം നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
ആഗോള കോര്‍പറേറ്റുകളെ വളര്‍ത്താനും സാധാരണക്കാര്‍ക്ക് ലഭ്യമായിരുന്ന വായ്പാ സൗകര്യങ്ങള്‍ നിഷേധിച്ച് വമ്പന്‍മാര്‍ക്ക് കോടിക്കണക്കിന് ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. വരും കാലങ്ങളില്‍ ഇത് കൂടുതല്‍ വ്യക്തമാവും.
സാധാരണക്കാരെ ദ്രോഹിക്കുന്ന എ.ടി.എം ചാര്‍ജ് വര്‍ധന, വിവിധ സര്‍വീസ് ചാര്‍ജുകള്‍, മിനിമം ബാലന്‍സ് തുക ഉയര്‍ത്തിയ നടപടി എന്നിവയടക്കം സാധാരണക്കാര്‍ക്ക് എതിരാണ്. ഇത് റദ്ദാക്കണം.
വിആര്‍എസിലൂടെ ജീവനകാരെ പിരിച്ചു വിടുന്നതോടൊപ്പം വനിതാജീവനക്കാരെ സ്ഥലംമാറ്റത്തിലൂടെ പീഡിപ്പിക്കാനും കേന്ദ്രം ശ്രമിക്കുന്നു. ജനധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഭരണപരിഷ്‌കാരത്തിനെതിരെ ബാങ്കുജീവനക്കാരും ഇതര തൊഴിലാളിവര്‍ഗങ്ങളും ശക്തമായി പ്രതിഷേധിക്കണമെന്ന് എഐബിഇഎ ജില്ലാ സെക്രട്ടറി പി.കെ ജബ്ബാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."