പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപില്‍ ഭക്ഷ്യ വിഷബാധ
കഠിനംകുളം: പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാപില്‍ ഭക്ഷ്യവിഷബാധ. മുന്നൂറോളം ജവാന്മാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ ക്യാംപ് മെസില്‍ തയാറാക്കിയ ഭക്ഷണ കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഛര്‍ദ്ദിയും തലക്കറവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജവാന്മാരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിക്കുകയായിരുന്നു. സി.ആര്‍.പി.എഫിന്റെ വാഹനങ്ങളിലും മറ്റ് ആംബുലന്‍സുകളിലായുമാണ് ജവാന്മാരെ ആശുപത്രികളിലെത്തിച്ചത്. ആരുടെയും നിലഗുരുതലമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 109 പേരില്‍ 51 പേരെ വിവിധ വാര്‍ഡുകളിലേക്കു മാറ്റി. മറ്റുള്ളവര്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്ത് പരിശീലനത്തിന് എത്തിയ ജവാന്‍മാര്‍ക്കാണ് വിഷബാധയേറ്റത്. മത്സ്യത്തില്‍ നിന്നാകാം വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തെക്കുറിച്ച് കുടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടിട്ടില്ല.
മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജവാന്‍മാരെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.അറുന്നൂറോളം പേരെ ചികിത്സിക്കാനുള്ള മരുന്നും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
അതേ സമയം വിവരമറിഞ്ഞ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി സി.ആര്‍.പി.എഫ് ക്യാംപിലെത്തിയെങ്കിലും അവരെ അകത്തേക്കു കടത്തിവിടാന്‍ സി.ആര്‍.പി.എഫുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രി സി.ആര്‍.പി.എഫ് മെഡിക്കല്‍ ഡി.ഐ.ജി അശോക്കുമാറുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഉദ്യോഗസ്ഥരെ ക്യാംപിനുള്ളിലേക്ക് കടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."