'നിങ്ങള്‍ ഞങ്ങളെ തീവ്രവാദികളാക്കി'
മറ്റെന്തും പ്രതിപക്ഷം സഹിക്കും. എന്നാല്‍, ആവശ്യത്തിനു മിതവാദം പോലുമില്ലാത്ത അവരില്‍ തീവ്രവാദ ബന്ധം ആരോപിച്ചാല്‍ ഒട്ടും സഹിക്കില്ല. അതുകൊണ്ടു തന്നെ ആലുവ എടത്തലയില്‍ ഉസ്മാനെ പൊലിസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിഷേധിച്ച തീവ്രവാദികളെ പ്രതിപക്ഷം സംരക്ഷിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം അവരെ പ്രകോപിപ്പിച്ചത് സ്വാഭാവികം.
വ്യാഴാഴ്ച മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ പി.ടി തോമസ് അടിയന്തരപ്രമേയം കൊണ്ടുവന്നെങ്കിലും സ്പീക്കര്‍ അത് അനുവദിച്ചില്ല. സഭയിലെ പരാമര്‍ശത്തിന്റെ പേരിലുള്ള അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മുഖ്യമന്ത്രിയുടെ പരാമര്‍ശം ആലുവയിലെ ജനങ്ങള്‍ക്കും സംസ്ഥാനത്തിനുമൊക്കെ അപമാനകരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
ചരിത്രത്തില്‍ ഇതുവരെ ആരും പ്രതിപക്ഷ അംഗങ്ങള്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടില്ലെന്നും ചെന്നിത്തല. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചെങ്കിലും മുഖ്യമന്ത്രി അവര്‍ക്കു മറുപടി നല്‍കി. പൊലിസിനെ ആലുവയില്‍ അക്രമിച്ചവര്‍ക്കു തീവ്രവാദബന്ധമുണ്ടെന്ന പ്രശ്‌നമാണ് താന്‍ ഉന്നയിച്ചതെന്നും ഇതു വസ്തുതാപരമായ കാര്യമാണെന്നും അല്ലെന്ന് ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റുമോ എന്നും മുഖ്യമന്ത്രി.
പ്രതിപക്ഷ ബഹിഷ്‌കരണത്തെ തുടര്‍ന്ന് കാര്യമായ ഉണര്‍വില്ലാതെയാണ് പിന്നീട് സഭാനടപടികള്‍ മുന്നോട്ടു നീങ്ങിയത്. തുടര്‍ന്ന് ഭരണപക്ഷാംഗങ്ങളില്‍ ചിലരും പുറത്തേക്കിറങ്ങിയതോടെ ഭൂരിഭാഗം ഇരിപ്പിടങ്ങളും കാലിയായി. ഏതാനും സബ്മിഷനുകളും കഴിഞ്ഞ് സഭ അനൗദ്യോഗിക ബില്ലുകളിലേക്കു കടന്നു.
അതില്‍ പലതിനും നോട്ടീസ് നല്‍കിയ പ്രതിപക്ഷാംഗങ്ങള്‍ സഭയിലില്ലാത്തതിനാല്‍ അവ ഒഴിവാക്കി. ഇടപെട്ടു സംസാരിക്കാന്‍ അധികമാരും സഭയിലില്ലാത്ത അന്തരീക്ഷത്തില്‍ അവശേഷിച്ച അനൗദ്യോഗിക ബില്ലുകളിന്‍മേല്‍ നടന്നത് തണുപ്പന്‍ ചര്‍ച്ചയാണ്.
ജലസ്രോതസ് സംരക്ഷണ അതോറിറ്റി ബില്ലിന് അവതരണാനുമതി തേടിയ ബി. സത്യന്‍ ജലസ്രോതസുകള്‍ മലിനമാകുന്നതില്‍ പരിതപിച്ചപ്പോള്‍, അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവുമൊക്കെ നാശോന്മുഖമായിക്കിടക്കുകയാണെന്ന് ചിറ്റയം ഗോപകുമാര്‍.
ശാസ്താംകോട്ട തടാകത്തിന്റെ നിത്യകാമുകനായ സഭാംഗം കോവൂര്‍ കുഞ്ഞുമോന്‍ കടുത്ത ദുഃഖത്തിലാണ്.
കായല്‍ സംരക്ഷണ നടപടികള്‍ വൈകുന്നതിനാല്‍ കുഞ്ഞുമോന്റെ കല്യാണവും വൈകുകയാണെന്നും ചിറ്റയം. തടാകം സംരക്ഷിക്കപ്പെടണമെന്നും കുഞ്ഞുമോന്റെ കല്യാണം നടക്കണമെന്നും തനിക്കും ആഗ്രഹമുണ്ടെന്നും കായലും പുഴയും നശിക്കുന്നതുപോലെ കുഞ്ഞുമോന്റെ ജീവിതം നശിക്കരുതെന്നും സത്യന്‍.
കളിസ്ഥലങ്ങളുടെ സംരക്ഷണവും പരിപാലനവും നിര്‍മാണവും ബില്ലിന് എ. പ്രദീപ്കുമാറും പട്ടിക ഗോത്രവര്‍ഗങ്ങളുടെ തനതു ഭാഷയും സംസ്‌കാരവും സംരക്ഷണ ബില്ലിന് പുരുഷന്‍ കടലുണ്ടിയും കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരണ ബില്ലിന് കെ. കൃഷ്ണന്‍കുട്ടിയും അവതരണാനുമതിക്കുളള പ്രമേയത്തിന്റെ തുടര്‍ചര്‍ച്ചയ്ക്കു തുടക്കമിട്ടെങ്കിലും ആളൊഴിഞ്ഞ ഇരിപ്പിടങ്ങള്‍ക്കു മുന്നില്‍ അധികമൊന്നും സംസാരിക്കാന്‍ തയാറായില്ല. 11 മണിയോടെ സഭ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."