അമിത ഉപയോഗം പാടില്ല; മാസ്‌ക്കുകള്‍ വിവേകത്തോടെ ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സഹായകമായ മാസ്‌ക് ഉപയോഗം വിവേകത്തോടെ ആയിരിക്കണമെന്നും ഇതിന്റെ അമിത ഉപയോഗം പാടില്ലെന്നും എച്ച്1എന്‍1-കൊറോണ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. അമര്‍ ഫെറ്റില്‍.
അടച്ചുപൂട്ടിയ സാഹചര്യങ്ങളിലും പലചരക്കുകട, ലിഫ്റ്റ്, തിരക്കേറിയ കെട്ടിടം തുടങ്ങി നിരവധി ആളുകളുള്ള പരിമിതമായ സ്ഥലത്തും മാസ്‌ക് ഉപയോഗിക്കാം. വിശാലമായ സ്ഥലത്ത് ഇതിന്റെ ആവശ്യമില്ല. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവരാണ് ചുറ്റിലുമുള്ളതെങ്കില്‍ മാസ്‌ക് ഉപയോഗിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
പനി, ശ്വാസതടസം എന്നിവയുള്ളവരും കൊവിഡ് ബാധിതരും സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കണം. കൊവിഡ് പരിശോധനയ്ക്കായി പോകുമ്പോഴും മാസ്‌ക് ധരിക്കാനാകാത്ത രോഗബാധിതരെ പരിചരിക്കുമ്പോഴും ഇത് ഉപയോഗിക്കാം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന സര്‍ജിക്കല്‍ മാസ്‌ക് കേടുപറ്റിയാല്‍ വീണ്ടും മാറ്റി പുതിയത് ഉപയോഗിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.
തുണിയിലെ മാസ്‌കുകള്‍ വീട്ടില്‍ തയാറാക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തവര്‍ സംസാരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ വ്യാപിക്കുന്ന രോഗാണുവിനെ പ്രതിരോധിക്കുന്നതിന് ഇവ സഹായകമാണ്. മറ്റു മാസ്‌കുകള്‍ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ ഇവ നല്ലതാണ്. സാമൂഹ്യ അകലം പാലിക്കാന്‍ പ്രയാസമുള്ള സന്ദര്‍ഭങ്ങളില്‍ സുരക്ഷിതത്വം നല്‍കുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് പലചരക്കുകട, മെഡിക്കല്‍ സ്റ്റോര്‍ പോലുള്ള പൊതുയിടങ്ങളില്‍ പോകേണ്ടിവരുന്ന സാഹചര്യത്തില്‍ തുണി മാസ്‌കുകള്‍ സഹായകമാണ്.രണ്ടു വയസ്സിനു താഴെയുള്ളവര്‍, ശ്വാസംമുട്ടുളളവര്‍, അബോധാവസ്ഥയിലുള്ളവര്‍, സ്വന്തമായി മാസ്‌ക് അഴിച്ചെടുക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ തുണി മാസ്‌ക് ഉപയോഗിക്കരുതെന്ന് ഡോ. അമര്‍ വ്യക്തമാക്കി.
മാസ്‌ക് ഉപയോഗത്തില്‍ ചെയ്യേണ്ടതും അല്ലാത്തതുമായ നിര്‍ദേശങ്ങള്‍ കേരള ഹെല്‍ത്ത് സര്‍വിസസ് ഡയരക്ടറേറ്റ്, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."