' ഇളവുകള്‍ ആശങ്കാജനകം'
ജനീവ: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്നവകാശപ്പെട്ട് ചില രാജ്യങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. ധൃതിപിടിച്ച് ഇത്തരം ഇളവുകള്‍ നടപ്പാക്കുന്നത് കൊവിഡിന്റെ രണ്ടാം വരവിന് കാരണമാകുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.
ഇപ്പോള്‍ പഴയപോലെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്ന സാഹചര്യമല്ലെന്നും പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ വെസ്‌റ്റേണ്‍ പസഫിക് റീജ്യനല്‍ ഡയരക്ടര്‍ ഡോ. തകേഷി കസായ് പറഞ്ഞു. ഭാവിയിലെ നല്ല ജീവിതത്തിന് ഇപ്പോള്‍ അല്‍പം കരുതല്‍ നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസിന്റെ വ്യാപനം തയുന്നതില്‍ സര്‍ക്കാരുകള്‍ ഇനിയും ജാഗ്രത പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപടക്കമുള്ള പ്രമുഖര്‍ നിയന്ത്രണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയും ചെയ്തു.
ബ്രസീലില്‍ നിയന്ത്രണങ്ങള്‍ക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പ്രസിഡന്റ് ജയര്‍ ബോല്‍സനാരോയടക്കം പങ്കെടുത്തതും വിവാദമായിരുന്നു. രാജ്യാതിര്‍ത്തി തുറക്കാന്‍ നിര്‍ദേശിച്ചിരുന്ന അദ്ദേഹം, നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട ആരോഗ്യമന്ത്രിയെ പുറത്താക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."