മസ്റ്ററിങ് നടത്താന്‍ കഴിയാത്ത പെന്‍ഷന്‍കാര്‍ക്ക് ഒരവസരം കൂടി
തിരുവനന്തപുരം: മസ്റ്ററിങ് നടത്താന്‍ കഴിയാതെ പോയ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാര്‍ക്കും ഒരവസരം കൂടി നല്‍കുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി.
ലോക്ക് ഡൗണിനു ശേഷം ഒരാഴ്ച സമയം നല്‍കാനാണ് തീരുമാനം . ഇത് സംബന്ധിച്ച തിയതി ലോക്ക് ഡൗണിന് ശേഷം പ്രഖ്യാപിക്കുമെന്ന് ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
വിവിധ കാരണങ്ങളാല്‍ മസ്റ്ററിങ് നടത്താന്‍ കഴിയാതെ പോയ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാതെ പോകുന്നത് ഈയിടെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 നവംബര്‍ 11 മുതല്‍ 2020 ഫെബ്രുവരി 15 വരെയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും വാങ്ങുന്നവരിലെ അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ മസ്റ്ററിങ് നടത്തിയത്. ഒന്നിലധികം പെന്‍ഷന്‍ ഒരാള്‍ വാങ്ങുന്നത് കണ്ടെത്താനും കൂടിയാണ് ആധാര്‍ കാര്‍ഡും അനുബന്ധ വിവരങ്ങളും തദ്ദേശവകുപ്പ് സെക്രട്ടറിമാര്‍ മുഖേന സമാഹരിച്ചത്. 47,47,996 പെന്‍ഷന്‍കാരില്‍ അഞ്ച് ലക്ഷത്തോളം പേര്‍ മസ്റ്റിങ് നടത്തിയിരുന്നില്ല.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന 4,01,875 പേരും വിവിധ ക്ഷേമനിധി ബോര്‍ഡുകളിലായി 88,504 പേരുമാണ് മസ്റ്റിങ് നടത്താതെ പോയത്. കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ആനുകൂല്യമായി പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. പലരും ആനുകൂല്യത്തിന് സമീപിക്കുമ്പോഴാണ് ലിസ്റ്റില്‍ നിന്ന് പുറത്തായത് അറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ മസ്റ്ററിങ് നടത്താത്തവര്‍ക്ക് ലോക്ക് ഡൗണ്‍ ആനൂകൂല്യമായി പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ കഴിയില്ലെന്നും എന്നാല്‍ മസ്റ്ററിങിന് ശേഷം അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുമെന്നും ധനകാര്യ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി സുപ്രഭാതത്തോട് പറഞ്ഞു. ബയോമെട്രിക് മസ്റ്ററിങ് നടത്താത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ലോക്ക്ഡൗണിനു ശേഷം ലഭിക്കുന്ന അവസരം വിനിയോഗിക്കണം.
ഫെബ്രുവരി 15 വരെ മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത, പെന്‍ഷന്‍ അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്കാണ് അവസരം ലഭിക്കുക. മസ്റ്ററിങ്ങിനായി ഇനിയും സമയം അനുവദിക്കാത്തതിനാല്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."