കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടം വരുന്നു
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രതികരിക്കുന്നതിനു കോണ്‍ഗ്രസ് നേതാക്കള്‍ക്കു നിയന്ത്രണം വരുന്നു. ഇതിനായി പെരുമാറ്റച്ചട്ടമുണ്ടാക്കാന്‍ കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെ യോഗം ചുമതലപ്പെടുത്തി.
നിര്‍ദേശത്തിന്‍മേല്‍ അടുത്ത കെ.പി.സി.സി നേതൃയോഗം തീരുമാനമെടുക്കുമെന്ന് ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി നയങ്ങളെയും നേതാക്കളെയും പരസ്യമായി വിമര്‍ശിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് പി.ജെ കുര്യനെതിരേ പരസ്യ വിമര്‍ശനം നടത്തിയ യുവ എം.എല്‍.എമാരുടെ നടപടി ശരിയല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അവര്‍ക്ക് അഭിപ്രായഭിന്നതയുണ്ടെങ്കില്‍ കെ.പി.സി.സിയെ നേരിട്ട് അറിയിക്കാവുന്നതാണ്.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു നല്‍കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടെന്ന് ഹസന്‍ സമ്മതിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും നേതൃയോഗത്തിലും നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. സീറ്റ് നല്‍കിയ രീതിയിലാണ് ഭിന്നാഭിപ്രായം. വിമര്‍ശനത്തെ നേതൃത്വം ഗൗരവത്തോടെ ഉള്‍ക്കൊള്ളുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിച്ച് ഭാവിയില്‍ ഇത്തരം തീരുമാനം വിശദമായ ആലോചനകള്‍ക്കു ശേഷമായിരിക്കും കൈക്കൊള്ളുകയെന്ന് താനും രമേശ് ചെന്നിത്തലയും രണ്ടു യോഗങ്ങളിലും ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, വീഴ്ചപറ്റിയെന്ന് ചെന്നിത്തല പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തെറ്റാണ്. ആരോ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ്. ഈ വിഷയത്തില്‍ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ നേതാക്കളോടും ആവശ്യപ്പടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് യു.ഡി.എഫിന്റെ ജനകീയാടിത്തറ വിപുലമാക്കാനായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ബൂത്തുതലം മുതല്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യോഗം വിളിച്ച് ഇതിനായി വിശദമായ ചര്‍ച്ച നടത്തും.
പരാജയത്തിന്റെ കാരണവും യോഗം വിലയിരുത്തും. ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയം ജാതി, മത ധ്രുവീകരണമുണ്ടാക്കി നേടിയതാണെന്ന് നേതൃയോഗം വിലയിരുത്തിയതായും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."