കരിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളിലെ സര്‍വിസുകള്‍ സഊദി എയര്‍ലൈന്‍സ് ഏറ്റെടുക്കും
കൊണ്ടോട്ടി: കരിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളിലെ ഹജ്ജ് സര്‍വിസുകള്‍ എയര്‍ഇന്ത്യ സഊദി എയര്‍ലൈന്‍സിന് കൈമാറുന്നു. കരിപ്പൂര്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ നിലവില്‍ സര്‍വിസിന് സഊദിയുമായി എയര്‍ഇന്ത്യ ധാരണയായിട്ടുണ്ട്. രണ്ടു വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വിസ് കൂടി സഊദി എയര്‍ലൈന്‍സിന് കൈമാറാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്.
ഈ വര്‍ഷം ഇന്ത്യയിലെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും ഹജ്ജ് സര്‍വിസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യക്കാണ് ടെന്‍ഡര്‍ ലഭിച്ചത്. എന്നാല്‍ മതിയായ വിമാനങ്ങളില്ലാത്തതിനാല്‍ സഊദിക്ക് അഞ്ച് വിമാനത്താവളങ്ങള്‍ മറിച്ച് നല്‍കുകയാണ്. എയര്‍ഇന്ത്യ സ്വന്തമാക്കിയ ടെന്‍ഡറിനേക്കാള്‍ ഉയര്‍ന്ന നിരക്കിനാണ് സഊദിക്ക് കൈമാറുന്നത്.
മുന്‍വര്‍ഷങ്ങളില്‍ സഊദി എയര്‍ലൈന്‍സും എയര്‍ഇന്ത്യയും സംയുക്തമായിട്ടായിരുന്നു ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോയിരുന്നത്. കേരളത്തില്‍നിന്നും ഈ വര്‍ഷം കരിപ്പൂര്‍, കൊച്ചി എന്നീ വിമാനത്താവളങ്ങളാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായുള്ളത്. കരിപ്പൂരില്‍നിന്നാണ് കൂടുതല്‍ തീര്‍ഥാടകരും പുറപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സഊദിയും നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍ ഇന്ത്യയുമായിരിക്കും സര്‍വിസ് നടത്തുക. വര്‍ഷങ്ങളായി കേരളത്തില്‍ നിന്നുളള ഹജ്ജ് സര്‍വിസുകള്‍ നടത്തുന്നത് സഊദി എയര്‍ലൈന്‍സാണ്. കരിപ്പൂരില്‍നിന്ന് വലിയ വിമാന സര്‍വിസുകള്‍ നടത്താനുള്ള അനുമതി എയര്‍ഇന്ത്യക്ക് ഇതുവരെയും ലഭിച്ചിട്ടില്ല.
സഊദി എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്‌സ്, നാസ് എയര്‍ തുടങ്ങിയ വിമാന കമ്പനികളേക്കാള്‍ കുറഞ്ഞ നിരക്ക് നല്‍കിയാണ് ഹജ്ജ് ടെന്‍ഡറുകള്‍ ഈ വര്‍ഷം എയര്‍ഇന്ത്യ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ വിമാനങ്ങളില്ലാത്തതിനാല്‍ ഇവയില്‍ പലതും മറ്റു വിമാന കമ്പനികള്‍ക്ക് നല്‍കുകയാണ്. ജൂലൈ നാല് മുതലാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."