കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം: മൂന്ന് വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് ഏതാനും മീറ്റര്‍ അകലെയുള്ള സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ വൈകുന്നേരം പരിശോധിച്ചു. ഒരു വാഹനത്തില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ഗിജിന്റെ പിതാവ് ശാസ്ത ഗംഗാധരന്റേതാണ് വാഹനങ്ങളെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. വാഹനങ്ങള്‍ ഇന്നലെ ഉച്ചയോടെ സംഭവം നടന്നതിന് ഏതാനും മീറ്റര്‍ അകലെയായി കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. ഇവിടെ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. ഇരട്ടക്കൊലപാതകത്തിന്റെ കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മുതലാണ് അന്വേഷണം തുടങ്ങിയത്.
കൊലചെയ്യപ്പെട്ടവരുടെ വീടുകളിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ഇരുവരുടെയും പിതാക്കന്‍മാരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. രണ്ട് ദിവസവും കേസന്വേഷണുവുമായി ബന്ധപ്പെട്ട ഒരു വിവരവും മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ അന്വേഷണ സംഘം തയാറായില്ല.
കൊലപാതക കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുകയാണ്. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത്. കഴിഞ്ഞ 17ന് രാത്രിയിലാണ് പെരിയ കല്ല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ സി.പി.എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എം. പീതാംബരനടക്കം ഏഴുപേര്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."