ചെറുവണ്ണൂര്‍ സ്‌കൂളിനെതിരേ അപവാദ പ്രചാരണം; അധികൃതര്‍ നിയമനടപടിക്ക്
പേരാമ്പ്ര: എല്‍.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും ദിനപത്രങ്ങളിലും മറ്റു ദൃശ്യമാധ്യമങ്ങളിലും അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ എല്‍.എസ്.എസ് പരീക്ഷയുടെ ഭാഗമായി കെ.പി.എസ്.ടി.എ, കെ.എസ്.ടി.എ തുടങ്ങിയ അധ്യാപക സംഘടനകള്‍ നടത്തിയ മോഡല്‍ പരീക്ഷയില്‍ ചെറുവണ്ണൂര്‍ എ.എല്‍.പി സ്‌കൂളിലെ അന്‍പതോളം കുട്ടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു.
ഇതില്‍ അസൂയ പൂണ്ട ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ചില വിദ്യാലയങ്ങളും അത്തരം സ്‌കൂളിലെ പി.ടി.എ അധികൃതരുമാണ് സ്‌കൂളിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും എല്‍.എസ്.എസ് പരീക്ഷ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുള്ള മറ്റു വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഇന്‍വിജിലേറ്റര്‍മാരായും ഡെപ്യൂട്ടി ചീഫായും പ്രവര്‍ത്തിച്ച് ഏറ്റവും കുറ്റമറ്റ രീതിയിലാണ് സ്‌കൂളില്‍ നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് അരുണ്‍ രാജ്, വൈസ് പ്രസിഡന്റ് പി.സി നിധീഷ്, എം. പ്രകാശന്‍, സ്‌കൂള്‍ മാനേജര്‍ എം. രാജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."